തട്ടിപ്പ് ലക്ഷ്യമാക്കി എമിറേറ്റിലെ പ്രശസ്തമായ റെസ്റ്ററന്റുകളുടെ പേരിൽ ആരംഭിച്ചിട്ടുള്ള വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് അജ്‌മാൻ പോലീസ് പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ വെബ്സൈറ്റുകളിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതിനായുള്ള പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സജീവമാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
മാർച്ച് 13-നാണ് അജ്‌മാൻ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. പരസ്യങ്ങളിൽ ആകൃഷ്ടരായി ഇത്തരം വ്യാജ വെബ്സൈറ്റുകളിൽ ഓർഡർ നൽകുന്ന ഉപഭോക്താക്കളുടെ ബാങ്ക് കാർഡ് വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കളുടെ പണം പിൻവലിക്കപ്പെടുകയും, ഓർഡർ ചെയ്ത ഭക്ഷണ സാധനങ്ങൾ നൽകാതെ ഉപഭോക്താക്കളെ കബളിപ്പിക്കുകയുമാണ് ഇത്തരം വെബ്സൈറ്റുകൾ ചെയ്യുന്നതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്താനും, റെസ്റ്ററന്റുകളുടെ അഡ്രസ് സംബന്ധിച്ച് പരിശോധിച്ചുറപ്പിക്കാനും പോലീസ് നിർദ്ദേശിച്ചു. വ്യാജ വെബ്സൈറ്റുകളല്ലാ എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ബാങ്ക് കാർഡ് വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കാവൂ എന്നും പോലീസ് കൂട്ടിച്ചേർത്തു.
Cover Photo: Ajman Police