രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ മെയ് 17 മുതൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം സമഗ്രമായ പഠനങ്ങൾക്കും, വിവിധ വിഷയങ്ങൾ പരിശോധിച്ച ശേഷവും മാത്രമായിരിക്കും കൈകൊള്ളുന്നതെന്ന് സൗദി അധികൃതർ വ്യക്തമാക്കി. രാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങൾ നയിക്കുന്ന പ്രത്യേക കമ്മിറ്റിയുടെ സെക്രട്ടറി ഡോ. തലാൽ അൽ തുവൈജിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പ്രാദേശിക ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.
ആഗോളതലത്തിലും, സൗദിയിലും നിലവിലുള്ള COVID-19 രോഗബാധയുടെ പശ്ചാത്തലവും, രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യങ്ങളും വിലയിരുത്തുമെന്നും, മെയ് 17 മുതൽ അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് അവസാന നിമിഷം മാത്രമേ വ്യക്തമായ തീരുമാനം കൈക്കൊള്ളാനാകൂ എന്നുമാണ് അധികൃതർ തരുന്ന സൂചന. എന്നാൽ അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ മെയ് 17 മുതൽ പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ അധികൃതർ പൂർണ്ണമായും തള്ളിക്കളയുന്നതുമില്ല.
രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നതിനായി നിലവിൽ 2021 മെയ് 17 എന്ന തീയ്യതിയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാജ്യത്തെ ആരോഗ്യ സാഹചര്യങ്ങൾ പൂർണ്ണമായും വിലയിരുത്തിയ ശേഷമായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈകൊള്ളുന്നതെന്ന് ഡോ. തലാൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിവിധ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും, എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമാണ് ഒരു തീരുമാനം കൈക്കൊള്ളുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അത്യാവശ്യ ഘട്ടങ്ങളിലൊഴികെയുള്ള യാത്രകൾ ഒഴിവാക്കാൻ അദ്ദേഹം പൊതുസമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് നിന്ന് യാത്ര ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതിനോടൊപ്പം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.