സൗദി: തിരക്കൊഴിഞ്ഞ സമയങ്ങളിൽ ഷോപ്പിംഗ് നടത്താൻ ഉപഭോക്താക്കൾക്ക് അധികൃതർ നിർദ്ദേശം നൽകി

Saudi Arabia

ഈദുൽ ഫിത്ർ വേളയിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനായി വ്യാപാരശാലകളിലേക്കുള്ള സന്ദർശനങ്ങൾ തിരക്കൊഴിഞ്ഞ സമയങ്ങളിൽ നടത്താൻ സൗദി വാണിജ്യ മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ഷോപ്പിങ്ങിനായി തിരക്കൊഴിവുള്ള വിവിധ സമയങ്ങൾ തിരഞ്ഞെടുക്കുന്നത് വ്യാപാരശാലകളിലെയും, വാണിജ്യകേന്ദ്രങ്ങളിലെയും ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനും, COVID-19 വ്യാപനം തടയുന്നതിനും സഹായകമാകുമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ചൂണ്ടിക്കാട്ടി.

ഇതോടൊപ്പം, തിരക്കൊഴിവാക്കുന്നതിനായി ദിനം തോറുമുള്ള പ്രവർത്തന സമയങ്ങൾ കൂട്ടുന്നതിന് വ്യാപാരസ്ഥാപനങ്ങൾക്ക് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. തിരക്കേറിയ വ്യാപാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കുന്നതിനായി, ഷോപ്പിംഗിനായി ഇ-കോമേഴ്‌സ് സേവനങ്ങൾ ഉപയോഗപ്പെടുത്താനും മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആളുകൾ കൂട്ടംകൂടുന്നതും, ആൾത്തിരക്ക് ഉണ്ടാക്കുന്നതുമായ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ വീഴ്ച്ചകൂടാതെ പാലിക്കാനും മന്ത്രാലയം നിർദ്ദേശിച്ചു.