റാസ് അൽ ഖൈമ: COVID-19 പ്രതിരോധ പെരുമാറ്റച്ചട്ടങ്ങൾ ജൂൺ 8 വരെ തുടരും

featured UAE

എമിറേറ്റിലെ COVID-19 ആരോഗ്യ സുരക്ഷാ പെരുമാറ്റച്ചട്ടങ്ങൾ 2021 ജൂൺ 8 വരെ കർശനമായി തുടരുമെന്ന് റാസ് അൽ ഖൈമ മീഡിയ ഓഫീസ് അറിയിച്ചു. ഇതോടെ എമിറേറ്റിൽ വിവാഹം ഉൾപ്പടെയുള്ള സാമൂഹിക ചടങ്ങുകളിലും, കുടുംബ സംഗമങ്ങളിലും പങ്കെടുക്കാൻ അനുമതിയുള്ളവരുടെ പരമാവധി എണ്ണം 10 എന്നത് തുടരുന്നതാണ്.

എമിറേറ്റിലെ പൊതു പാർക്കുകളിലും, ഭക്ഷണശാലകളിലും സന്ദർശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും തുടരുന്നതാണ്. റാസ് അൽ ഖൈമയിലെ COVID-19 വ്യാപനം തടയുന്നതിനായി പരമാവധി പേരിലേക്ക് പരിശോധനകൾ എത്തിക്കുന്നതിനുള്ള നടപടികളും ഈ തീരുമാനത്തിന്റെ ഭാഗമായി തുടരുന്നതാണ്.

റാസ് അൽ ഖൈമയിൽ ജൂൺ 8 വരെ താഴെ പറയുന്ന നിയന്ത്രണങ്ങൾ തുടരുന്നതാണ്:

  • പൊതു ബീച്ചുകളിൽ 70 ശതമാനം പേർക്കാണ് പ്രവേശനം അനുവദിക്കുന്നത്.
  • സിനിമാശാലകൾ, വിനോദകേന്ദ്രങ്ങൾ, ഫിറ്റ്നസ് കേന്ദ്രങ്ങൾ, ജിം, ഹോട്ടലുകൾക്ക് കീഴിലുള്ള ബീച്ചുകൾ, സ്വിമ്മിങ് പൂൾ മുതലായ ഇടങ്ങളിൽ 50 ശതമാനം പേർക്കാണ് പ്രവേശനം അനുവദിക്കുന്നത്.
  • പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനം 50 ശതമാനം ശേഷിയിൽ നിയന്ത്രിക്കുന്നതാണ്.
  • ഷോപ്പിങ്ങ് മാളുകൾ പരമാവധി ശേഷിയുടെ 60 ശതമാനത്തിൽ പ്രവർത്തിക്കുന്നതാണ്.
  • വിവാഹം ഉൾപ്പടെയുള്ള സാമൂഹിക ചടങ്ങുകളിലും, കുടുംബ സംഗമങ്ങളിലും പരമാവധി 10 പേർക്ക് പങ്കെടുക്കാം.
  • ശവസംസ്കാര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം.
  • പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം എന്നിവ ഉറപ്പാക്കേണ്ടതാണ്.
  • ഭക്ഷണശാലകളിൽ ഒരു മേശയിൽ പരമാവധി നാല് പേർക്കാണ് ഇരിക്കുന്നതിന് അനുമതി. ഒരേ കുടുംബത്തിൽ നിന്നുള്ളവർക്ക് ഇതിൽ ഇളവ് അനുവദിക്കുന്നതാണ്.
  • ഭക്ഷണശാലകളിലെ മേശകൾ തമ്മിൽ ചുരുങ്ങിയത് 2 മീറ്റർ അകലം പാലിക്കേണ്ടതാണ്.