ഒമാൻ: യാത്രാ വിലക്ക് സംബന്ധിച്ച് വ്യോമയാന അതോറിറ്റി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി

featured Oman

സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്കുകളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്കുകൾ തുടരാനും, കൂടുതൽ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശനവിലക്കേർപ്പെടുത്താനും മെയ് 4-ന് സുപ്രീം കമ്മിറ്റി തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് CAA ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്.

ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ താഴെ പറയുന്ന കാര്യങ്ങളാണ് നൽകിയിട്ടുള്ളത്:

  • ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, സുഡാൻ, ലെബനൻ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, നൈജീരിയ, ടാൻസാനിയ, ഘാന, ഗിനി, സിയറ ലിയോൺ, എത്യോപ്യ, യു കെ എന്നീ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള പ്രവേശന വിലക്കുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും. ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ടെത്തുന്ന മുഴുവൻ യാത്രികർക്കും, ഒമാനിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപുള്ള 14 ദിവസങ്ങൾക്കിടയിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും ഈ വിലക്ക് ബാധകമാണ്.
  • മെയ് 7, വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതൽ ഈജിപ്ത്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നും ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. ഈ വിലക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും. ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ടെത്തുന്ന മുഴുവൻ യാത്രികർക്കും, ഒമാനിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപുള്ള 14 ദിവസങ്ങൾക്കിടയിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും ഈ വിലക്ക് ബാധകമാണ്.
  • ഒമാൻ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ഇവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് കർശനമായ നിബന്ധനകളോടെ ഈ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.