ഇന്ത്യ ഉൾപ്പടെയുള്ള ആറ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറന്റീൻ ബുക്കിംഗ് ആരംഭിച്ചതായി ഡിസ്കവർ ഖത്തർ

GCC News

ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് നിർബന്ധമാക്കിയിട്ടുള്ള 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീനിനായുള്ള ബുക്കിങ്ങുകൾ ആരംഭിച്ചതായി ഡിസ്കവർ ഖത്തർ വ്യക്തമാക്കി. 2021 ഏപ്രിൽ 29, വ്യാഴാഴ്ച്ച മുതൽ ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ വിദേശ യാത്രികരുടെ ഹോട്ടൽ ക്വാറന്റീൻ ബുക്കിംഗ് നടപടികളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ഡിസ്കവർ ഖത്തർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലൂടെ ട്രാൻസിറ്റ് ചെയ്ത് ഖത്തറിലെത്തുന്നവർക്കും 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്. ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവർ ക്വാറന്റീനിനായി അധികൃതർ പ്രത്യേകം തിരഞ്ഞെടുത്തിട്ടുള്ള ഹോട്ടലുകളിൽ താമസിക്കേണ്ടിവരുമെന്ന് ഡിസ്കവർ ഖത്തർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവർ ഖത്തറിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

ഇന്ത്യ ഉൾപ്പടെ പ്രത്യേക ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുള്ള ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്കായി 45-ൽ പരം പ്രത്യേക ക്വാറന്റീൻ പാക്കേജുകൾ തയ്യാറാക്കിയതായി ഡിസ്കവർ ഖത്തർ വ്യക്തമാക്കി. ത്രീ സ്റ്റാർ, ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായുള്ള ഈ പാക്കേജുകളിലേക്കുള്ള ബുക്കിംഗ് ഏപ്രിൽ 29 മുതൽ ലഭ്യമാണെന്നും ഡിസ്കവർ ഖത്തർ അറിയിച്ചിട്ടുണ്ട്.

3500 മുതൽ 8500 റിയാൽ വരെയുള്ള ക്വാറന്റീൻ ഹോട്ടൽ പാക്കേജുകളാണ് ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്കായി ഡിസ്കവർ ഖത്തർ ഒരുക്കിയിട്ടുള്ളത്. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ള ക്വാറന്റീൻ ഹോട്ടലുകളിൽ മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ബുക്കിംഗ് അനുവദിക്കുന്നതല്ല.