മെയ് 9 മുതൽ മെയ് 11 വരെ ട്രാഫിക്, റെസിഡൻസി മുതലായ സേവനങ്ങൾ ലഭ്യമാകില്ലെന്ന് റോയൽ ഒമാൻ പോലീസ്

Oman

2021 മെയ് 9 മുതൽ മെയ് 11 വരെയുള്ള ദിനങ്ങളിൽ തങ്ങളുടെ സേവനകേന്ദ്രങ്ങളിൽ നിന്ന് നേരിട്ടുള്ള ട്രാഫിക്, റെസിഡൻസി, പാസ്സ്‌പോർട്ട്, സിവിൽ സ്റ്റാറ്റസ് മുതലായ സേവനങ്ങൾ താത്കാലികമായി നിർത്തലാക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. മെയ് 9 മുതൽ മെയ് 11 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ ഓഫീസുകളിൽ പ്രവേശിക്കുന്നത് വിലക്കാനും, ഇവർക്ക് വർക്ക് അറ്റ് ഹോം നടപ്പിലാക്കാനുമുള്ള ഒമാനിലെ സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

എന്നാൽ സേവനകേന്ദ്രങ്ങളിൽ നിന്ന് നേരിട്ടുള്ള ഇത്തരം സേവനങ്ങൾക്ക് മാത്രമാണ് തടസ്സം നേരിടുന്നതെന്നും, ഈ സേവനങ്ങളെല്ലാം ഓൺലൈൻ സംവിധാനത്തിലൂടെ ലഭ്യമായിരിക്കുമെന്നും ROP അറിയിച്ചിട്ടുണ്ട്. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇത്തരം സേവനങ്ങൾ 24 മണിക്കൂറും നേടാവുന്നതാണ്.

റമദാനിലെ അവസാന ദിനങ്ങളിൽ പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനും ലക്ഷ്യമിട്ട് മെയ് 9 മുതൽ മെയ് 11 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിൽ നിർബന്ധിത വർക്ക് അറ്റ് ഹോം നടപ്പിലാക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി മെയ് 2-ന് അറിയിച്ചിരുന്നു.

2021 മെയ് 8 മുതൽ മെയ് 15 വരെ പകൽസമയങ്ങളിലുൾപ്പടെ വാണിജ്യ പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്താനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഒത്ത് ചേർന്നുള്ള ഈദ് പ്രാർത്ഥനകൾ, പരമ്പരാഗത ഈദ് ചന്തകൾ എന്നിവ ഈ വർഷം സംഘടിപ്പിക്കരുതെന്നും ഒമാനിലെ സുപ്രീം കമ്മിറ്റി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.