അബുദാബി: COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ ഒരാഴ്ച്ചയ്ക്കിടയിൽ അയ്യായിരത്തിലധികം വീഴ്ച്ചകൾ രേഖപ്പെടുത്തി

GCC News

എമിറേറ്റിൽ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ അയ്യായിരത്തിലധികം വീഴ്ച്ചകൾ രേഖപ്പെടുത്തിയതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. COVID-19 സുരക്ഷാ നിയമങ്ങൾ ലംഘിച്ച വിവിധ സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കുമെതിരെ 5067 നടപടികളാണ് ഒരാഴ്ച്ചയ്ക്കിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

മെയ് 7-ന് വൈകീട്ടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലുടനീളം ശക്തമായി തുടരുന്ന വിവിധ പരിശോധനാ നടപടികളിലാണ് ഈ വീഴ്ച്ചകൾ കണ്ടെത്തിയിരിക്കുന്നത്. പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഇത്തരം കർശനമായ പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

ഈ കാലയളവിൽ 4210 പേർക്കെതിരെയാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇതിൽ 72 പേർക്കെതിരെ നിയമം ലംഘിച്ച് ഒത്ത്ചേർന്നതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. COVID-19 സുരക്ഷാ വീഴ്ച്ചകൾ കണ്ടെത്തിയ 786 വാണിജ്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും, 71 ഇത്തരം സ്ഥാപനങ്ങൾ പതിനാല് ദിവസത്തേക്ക് താത്കാലികമായി അടപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. 21 ടൈലറിംഗ് സ്ഥാപനങ്ങൾ, 14 കാർ ഗാരേജുകളും, ആക്‌സസറീസ് ഷോപ്പുകളും, 7 ബാർബർ ഷോപ്പുകൾ, 7 ഭക്ഷണശാലകൾ, 3 മൊബൈൽ ഷോപ്പുകൾ, 2 കെട്ടിടനിർമ്മാണ സാധനങ്ങൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ, മറ്റു 17 വാണിജ്യ സ്ഥാപനങ്ങൾ എന്നിവയാണ് താത്കാലികമായി അടച്ചത്.

COVID-19 പ്രതിരോധത്തിനായി മുഴുവൻ പേരും ഉത്തരവാദിത്വത്തോടെ സഹകരിക്കാൻ കമ്മിറ്റി ആവശ്യപ്പെട്ടു. പരിശോധനകൾ തുടരുമെന്നും, 800 2626 എന്ന ടോൾ ഫ്രീ നമ്പറിലൂടെയോ, 2828 എന്ന നമ്പറിൽ സന്ദേശം അയച്ചോ ഇത്തരം വീഴ്ച്ചകൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കാമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.