സൗദി: ഒളിച്ചോടിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പ്രവാസികൾക്ക് തങ്ങളുടെ സ്റ്റാറ്റസ് ഭേദഗതി ചെയ്യുന്നതിന് അവസരം

GCC News

തൊഴിലുടമയുടെ പരാതി പ്രകാരം, രാജ്യത്ത് ഒളിച്ചോടിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള വിദേശ തൊഴിലാളികൾക്ക് ഏതാനം പ്രത്യേക സാഹചര്യങ്ങളിൽ ഇതുമായി ബന്ധപ്പെട്ട തങ്ങളുടെ സ്റ്റാറ്റസ് ഭേദഗതി ചെയ്യുന്നതിന് അവസരം നൽകുമെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് ഇതുമായി ബന്ധപ്പെട്ട് ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ വിജ്ഞാപന പ്രകാരം, ഏതാനം പ്രത്യേക സാഹചര്യങ്ങളിൽ പരാതി നൽകിയ തൊഴിലുടമയുടെ അനുമതി കൂടാതെ തന്നെ തൊഴിലാളികൾക്ക് തങ്ങളുടെ രേഖകളിലെ ഒളിച്ചോടിയതായുള്ള സ്റ്റാറ്റസ് (absconding status) ശരിപ്പെടുത്തുന്നതിന് അവസരം നൽകുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. താഴെ പറയുന്ന സാഹചര്യങ്ങളിലാണ് ഈ അനുമതി നൽകുന്നത്:

  • ഒളിച്ചോടിയതായി പരാതി നൽകിയ തൊഴിലുടമയുടെ സ്ഥാപനത്തിന്റെ സ്റ്റാറ്റസ് ‘നിലവിലില്ല’ എന്ന് കാണിക്കുന്ന സാഹചര്യത്തിൽ.
  • ഒളിച്ചോടിയതായി പരാതി നൽകിയ തൊഴിലുടമയുടെ സ്ഥാപനത്തിന്റെ സ്റ്റാറ്റസ് നിലവിൽ ‘under process’ എന്ന് കാണിക്കുന്ന സാഹചര്യത്തിൽ.
  • ഒളിച്ചോടിയതായി പരാതി നൽകിയ തൊഴിലുടമയുടെ സ്ഥാപനം, തങ്ങളുടെ കീഴിൽ തൊഴിലെടുക്കുന്ന ജീവനക്കാരിൽ 75 ശതമാനം തൊഴിലാളികളുടെയെങ്കിലും വർക്ക് കോൺട്രാക്ട് രേഖകൾ ഔദ്യോഗികമായി രേഖപ്പെടുത്താത്ത റെഡ് സോണിലുള്ള സ്ഥാപനമാണെങ്കിൽ.
  • ഒളിച്ചോടിയതായി പരാതി നൽകിയ തൊഴിലുടമയുടെ സ്ഥാപനം, തങ്ങളുടെ കീഴിൽ തൊഴിലെടുക്കുന്ന ജീവനക്കാരിൽ 80 ശതമാനം തൊഴിലാളികളുടെയെങ്കിലും വേതനം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാത്ത റെഡ് സോണിലുള്ള സ്ഥാപനമാണെങ്കിൽ.