സൗദി അറേബ്യ: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഫീസ് തുകകൾ തൊഴിലുടമകൾ വഹിക്കണമെന്ന് MHRSD

GCC News

രാജ്യത്ത് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഫീസ് തുകകൾ തൊഴിലുടമകൾ വഹിക്കേണ്ടതാണെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്പ്‌മെന്റ് (MHRSD) വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പ്രവാസി തൊഴിലാളികൾ തങ്ങളുടെ തൊഴിൽ മാറുന്നതിന് അടയ്‌ക്കേണ്ടി വരുന്ന ഫീസ് ഉൾപ്പടെയുള്ള തുകകളുടെ ഉത്തരവാദിത്വം തൊഴിലുടമയ്ക്കാണെന്നാണ് MHRSD ചൂണ്ടിക്കാട്ടിയിരിക്കുന്നത്. റെസിഡൻസി (ഇഖാമ) എടുക്കുന്നതിനുള്ള ഫീസ്, വർക്ക് ലൈസൻസ് എടുക്കുന്നതിനും, പുതുക്കുന്നതിനുമുള്ള ഫീസ്, ഇത്തരം രേഖകളുമായി ബന്ധപ്പെട്ട കാലതാമസങ്ങൾക്ക് ചുമത്തപ്പെടുന്ന പിഴതുകകൾ എന്നിവ ഈ പരിധിയിൽ വരുമെന്നും MHRSD അറിയിച്ചിട്ടുണ്ട്.

2020-ൽ സൗദി അറേബ്യ നടപ്പിലാക്കിയ പരിഷ്കരിച്ച തൊഴിൽ നിയമങ്ങൾ പ്രകാരമാണ് ഈ നടപടികൾ. ഇതിന് പുറമെ ഇത്തരം തൊഴിലാളികളുടെ എക്സിറ്റ്, റിട്ടേൺ ഫീസ്, തൊഴിലുടമയുമായുള്ള കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ ഇവർക്ക് തങ്ങളുടെ നാട്ടിലേക്ക് മടങ്ങി പോകുന്നതിനുള്ള വിമാനടിക്കറ്റ് എന്നിവയുടെയും ഉത്തരവാദിത്വം തൊഴിലുടമയ്ക്കാണെന്ന് MHRSD അറിയിച്ചിട്ടുണ്ട്.

തൊഴിലുടമയുമായുള്ള കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ, ഇത്തരം തൊഴിലാളികൾക്ക്, തൊഴിൽ ആരംഭിച്ചതും, അവസാനിച്ചതുമായ തീയതികൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് പ്രത്യേക ഫീസ് ഒന്നും ചുമത്താതെ തന്നെ തൊഴിലുടമ നൽകേണ്ടതാണെന്നും MHRSD കൂട്ടിച്ചേർത്തു.