യു എ ഇ: അബുദാബി ഹെറിറ്റേജ് അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള നിയമം പുറപ്പെടുവിച്ചു

featured GCC News

അബുദാബി ഹെറിറ്റേജ് അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള നിയമം യു എ ഇ രാഷ്‌ട്രപതിയും, അബുദാബി ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുറത്തിറക്കി. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

നിലവിലുള്ള എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ്ബിനും, അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽസ് കമ്മിറ്റിയ്ക്കും പകരമായിരിക്കും പുതിയതായി സ്ഥാപിക്കപ്പെടുന്ന അബുദാബി ഹെറിറ്റേജ് അതോറിറ്റി.

എമിറാത്തി പൈതൃകവും പാരമ്പര്യവും സംരക്ഷിക്കുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതും, സമൂഹത്തിനുള്ളിൽ പരമ്പരാഗതവും ദേശീയവുമായ സ്വത്വ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും, പൈതൃക സമ്പ്രദായങ്ങൾ രേഖപ്പെടുത്തുന്നതും, സാഹിത്യത്തെയും പാരമ്പര്യങ്ങളെയും കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്നതും അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ പ്രധാന ഉത്തരവാദിത്തങ്ങളായിരിക്കും.

ഇതോടൊപ്പം നബാതി, ക്ലാസിക്കൽ അറബിക് കവിതാ സംരംഭങ്ങളെ പിന്തുണയ്ക്കുകയും, പ്രോത്സാഹിപ്പിക്കുകയും, രേഖപ്പെടുത്തുകയും ചെയ്യുന്നതും എമിറേറ്റിന്റെ വാമൊഴി ചരിത്രത്തെയും, പ്രാദേശിക സംസാര ഭാഷകളെയും കേന്ദ്രീകരിച്ചുള്ള ചരിത്ര പഠനങ്ങളും പ്രസിദ്ധീകരണങ്ങളും അവലോകനം ചെയ്യുന്നതും അതോറിറ്റിയുടെ ഉത്തരവാദിത്വങ്ങളിൽപ്പെടുന്നു. യുഎഇയുടെ പാരമ്പര്യങ്ങളെയും പൈതൃകത്തെയും കുറിച്ച് അവബോധം വളർത്തുക, ദേശീയ സ്വത്വവും പരമ്പരാഗത മൂല്യങ്ങളും ഉയർത്തിക്കാട്ടുക, സമുദായ ഐക്യം വർദ്ധിപ്പിക്കുക എന്നിവയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.

ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് കൊണ്ട് എമിറേറ്റിന് അകത്തും പുറത്തുമുള്ള ഉത്സവങ്ങൾ, പ്രദർശനങ്ങൾ, പൈതൃക പരിപാടികൾ എന്നിവ നിയന്ത്രിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്നതും അതോറിറ്റിയുടെ ഉത്തരവാദിത്വമായിരിക്കും.