ഒമാൻ: ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് വടക്കൻ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

GCC News

ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ 2023 മാർച്ച് 28, ചൊവ്വാഴ്ച ഒമാനിലെ നാല് വടക്കൻ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. 2023 മാർച്ച് 27-ന് രാത്രിയാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, മുസന്ദം, നോർത്ത് അൽ ബതീന, അൽ ബുറൈമി, അൽ ദഹിറാഹ് എന്നീ ഗവർണറേറ്റുകളിലെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2023 മാർച്ച് 28, ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 2023 മാർച്ച് 29, ബുധനാഴ്ച മുതൽ അധ്യയനം പുനരാരംഭിക്കുമെന്നും മന്ത്രാലയം ഈ അവസരത്തിൽ അറിയിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മാർച്ച് 27, തിങ്കളാഴ്ച മുതൽ 2023 മാർച്ച് 29, ബുധനാഴ്ച വൈകീട്ട് വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ഇതിന്റെ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നതിന് സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിപ്പ് നൽകിയിരുന്നു.