ഒമാൻ: രാത്രികാല യാത്രാ നിയന്ത്രണങ്ങൾ മെയ് 15 മുതൽ ഒഴിവാക്കിയതായി ROP

featured GCC News

രാജ്യത്തെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ 2021 മെയ് 15, ശനിയാഴ്ച്ച 12:00am മുതൽ ഒഴിവാക്കിയതായി റോയൽ ഒമാൻ പോലീസ് (ROP) ഔദ്യോഗികമായി അറിയിച്ചു. ഒമാനിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ മെയ് 15 മുതൽ പിൻവലിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ROP ഇക്കാര്യം തീരുമാനിച്ചത്.

ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് മെയ് 14-ന് രാത്രി ROP പുറത്തിറക്കിയിട്ടുണ്ട്. ഒമാനിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ മെയ് 15 മുതൽ പിൻവലിക്കുന്നതായും, രാത്രി സമയങ്ങളിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കാൻ തീരുമാനിച്ചതായും മെയ് 13, വ്യാഴാഴ്ച്ച വൈകീട്ട് സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു. ഈദ് അവധിക്ക് ശേഷം രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ പടിപടിയായി ഇളവ് അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

“സുപ്രീം കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം രാത്രി സമയങ്ങളിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവയ്ക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ 2021 മെയ് 15, ശനിയാഴ്ച്ച 12:00am മുതൽ ഒഴിവാക്കുന്നതാണ്.”, ROP പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

എന്നാൽ ഇതോടൊപ്പം, മെയ് 15 മുതൽ, ദിനവും രാത്രി 8 മണി മുതൽ രാവിലെ 4 വരെ രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും, വാണിജ്യ പ്രവർത്തന മേഖലകളിലും ഉപഭോക്താക്കൾക്ക് പ്രവേശനം വിലക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളിലുമുള്ള വാണിജ്യ പ്രവർത്തനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമാണ്. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ, ഡെലിവറി സേവനങ്ങൾ മുതലായ പ്രവർത്തനങ്ങൾക്ക് ഈ വിലക്ക് ബാധകമല്ല.

Photo Source: @M_Municipality