മസ്കറ്റ് മുൻസിപ്പാലിറ്റി: മെയ് 15 മുതൽ വാണിജ്യ പ്രവർത്തനങ്ങൾ അനുവദിക്കും; ഉപഭോക്താക്കൾക്ക് രാത്രി 8 വരെ വ്യാപാരശാലകൾ സന്ദർശിക്കാം

GCC News

ഫിറ്റ്നസ് കേന്ദ്രങ്ങൾ ഒഴികെയുള്ള മുഴുവൻ വാണിജ്യ പ്രവർത്തനങ്ങൾക്കും 2021 മെയ് 15, ശനിയാഴ്ച്ച മുതൽ പുനരാരംഭിക്കാൻ അനുവാദം നൽകിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു. ഈദ് അവധിക്ക് ശേഷം രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ പടിപടിയായി ഇളവ് അനുവദിക്കാനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ അറിയിപ്പ്.

മെയ് 15 മുതൽ രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാനും, രാജ്യത്തെ വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന പൂർണ്ണ വിലക്ക് രാത്രി 8 മണി മുതൽ രാവിലെ 4 വരെ മാത്രമാക്കുന്നതിനും തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി മെയ് 13-ന് അറിയിച്ചിരുന്നു. സുപ്രീം കമ്മിറ്റിയുടെ ഈ തീരുമാനപ്രകാരം, മെയ് 15 മുതൽ പകൽ സമയങ്ങളിൽ ഉൾപ്പടെ, ദിനവും രാത്രി 8 മണി വരെ ഉപഭോക്താക്കൾക്ക് വാണിജ്യകേന്ദ്രങ്ങളിലേക്കും, വ്യാപാരശാലകളിലേക്കും പ്രവേശിക്കാമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

ദിനവും രാത്രി 8 മണി മുതൽ രാവിലെ 4 വരെ ഇത്തരം വാണിജ്യ സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കൾക്ക് പ്രവേശനം അനുവദിക്കില്ലെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു. എന്നാൽ ഈ സമയങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾക്ക് ഉപഭോക്താക്കളെ പ്രവേശിപ്പിക്കാതെ പ്രവർത്തിക്കുന്നതിന് (ഡെലിവറി സേവനങ്ങളും മറ്റും) തടസമില്ലെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ജിം, സ്പോർട്സ് ക്ലബ്, ഫിറ്റ്നസ് ക്ലബ് തുടങ്ങിയ പ്രവർത്തനങ്ങൾ ഒഴികെയുള്ള മുഴുവൻ വാണിജ്യ പ്രവർത്തനങ്ങൾക്കും മെയ് 15 മുതൽ തുറന്ന് പ്രവർത്തിക്കാവുന്നതാണ്.

ഉപഭോക്താക്കൾക്ക് പ്രവേശിക്കാൻ അനുമതി നൽകിയിട്ടുള്ള സമയങ്ങളിൽ റെസ്റ്ററന്റുകൾ, കഫെ, വ്യാപാരശാലകൾ, മാളുകൾ മുതലായ ഇടങ്ങളിൽ പരമാവധി ശേഷിയുടെ 50 ശതമാനം പേർക്ക് മാത്രമേ ഒരേ സമയം സേവനങ്ങൾ നൽകാവൂ എന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു. വാണിജ്യ സ്ഥാപനങ്ങളിലേക്ക് 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല.

രാജ്യത്തെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ 2021 മെയ് 15, ശനിയാഴ്ച്ച 12:00am മുതൽ ഒഴിവാക്കിയതായി റോയൽ ഒമാൻ പോലീസ് (ROP) ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

Photo Source: @M_Municipality