യു എ ഇയിലെ പൊതു മേഖലയിലെയും, സ്വകാര്യ മേഖലയിലെയും വിദ്യാലയങ്ങളിൽ ഈദുൽ ഫിത്ർ അവധിക്ക് ശേഷം മെയ് 16, ഞായറാഴ്ച്ച മുതൽ അധ്യയനം പുനരാരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യു എ ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളും, അന്താരാഷ്ട്ര വിദ്യാലയങ്ങളും പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. കൊല്ലപരീക്ഷയ്ക്ക് മുൻപായി, മുൻകൂട്ടി നിശ്ചയിച്ച സമയക്രമങ്ങൾ അനുസരിച്ച് അധ്യയന പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി സ്കൂൾ അധികൃതർ വ്യക്തമാക്കി.
4 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക്, 2020-2021 അധ്യയന വർഷത്തേക്കുള്ള വർഷാവസാന പരീക്ഷകൾ 2021 ജൂൺ 8 മുതൽ ജൂൺ 17 വരെയും, വർഷാവസാന പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനുള്ള പ്രിപ്പറേറ്ററി പരീക്ഷകൾ മെയ് 23 മുതൽ 27 വരെയും നടക്കുമെന്ന് എമിറേറ്റ്സ് ഫൌണ്ടേഷൻ ഫോർ സ്കൂൾ എഡ്യൂക്കേഷൻ (തലീം) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സാങ്കേതിക പ്രശ്‌നങ്ങളോ അഭാവമോ കാരണം പരീക്ഷയ്ക്ക് ഹാജരാവാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി ജൂൺ 20 മുതൽ 24 വരെ പുന:പരീക്ഷകൾ നടത്തുമെന്നും തലീം വ്യക്തമാക്കി.
ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ വർഷാവസാന പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവരുടെ പ്രകടനം അനുസരിച്ച് വിലയിരുത്തുന്നതിനുള്ള നടപടികൾ അധ്യാപകർ നടപ്പിലാക്കുന്നതാണ്.
WAM