സൗദിയിലേക്ക് യാത്ര ചെയ്യുന്ന യാത്രികർ, രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ തങ്ങളുടെ കൈവശം 3000 റിയാലിൽ കൂടുതൽ മൂല്യമുള്ള സ്വകാര്യ വസ്തുക്കളോ, ഉപഹാരങ്ങളോ ഉണ്ടെങ്കിൽ, അവയുടെ വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കണമെന്ന് സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. 3000 റിയാലിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾക്ക് ബാധകമാകുന്ന കസ്റ്റംസ് തീരുവ അടയ്ക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
സൗദിയിലേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികരും കസ്റ്റംസ് നിയമങ്ങൾ പാലിക്കേണ്ടതാണ്. 3000 റിയാൽ, അല്ലെങ്കിൽ വിദേശ കറൻസിയിൽ തത്തുല്യ മൂല്യമുള്ള സ്വകാര്യ ആവശ്യത്തിനുള്ള വസ്തുക്കൾ, ഉപഹാരങ്ങൾ എന്നിവയ്ക്ക് ഇത് ബാധകമാണ്.
സൗദിയിലേക്ക് യാത്രചെയ്യുന്നവരും, സൗദിയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവരും തങ്ങളുടെ കൈവശം 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള കറൻസി, ആഭരണങ്ങൾ, മറ്റു വിലപിടിച്ച വസ്തുക്കൾ എന്നിവ ഉണ്ടെങ്കിൽ, ഇവയുടെ വിവരങ്ങൾ അടങ്ങിയ ഒരു സത്യവാങ്ങ്മൂലം നൽകേണ്ടതാണെന്നും കസ്റ്റംസ് അധികൃതർ കൂട്ടിച്ചേർത്തു. പുകയില, സിഗരറ്റ് എന്നിവ പോലുള്ള സൗദിയിലേക്ക് കൊണ്ടുവരുന്നതിന് വിലക്കുകളോ, നിയന്ത്രണങ്ങളോ ഉള്ള വസ്തുക്കൾ കൈവശമുള്ള യാത്രികർ അതോറിറ്റിയുടെ വെബ്സൈറ്റിലൂടെയോ (https://www.customs.gov.sa/), യാത്രികർക്കുള്ള ആപ്പിലൂടെയോ ഇവ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തേണ്ടതാണ്.
ഇത്തരം വിവരങ്ങൾ പങ്ക് വെക്കാത്ത യാത്രികർക്ക് പിടിച്ചെടുക്കപ്പെടുന്ന വസ്തുക്കളുടെ മൂല്യത്തിന്റെ 25 ശതമാനം പിഴ ചുമത്തുന്നതാണ്. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് 50 ശതമാനം പിഴ ചുമത്തുന്നതാണ്. ഇത്തരത്തിൽ വെളിപ്പെടുത്താതെ കൈവശം കണ്ടെത്തുന്ന വസ്തുക്കൾ ഏതെങ്കിലും കുറ്റകൃത്യങ്ങളുമായോ, കള്ളപ്പണം വെളുപ്പിക്കുന്ന പ്രവർത്തനങ്ങളുമായോ ബന്ധമുള്ളതാണെന്ന് സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം വസ്തുക്കൾ പിടിച്ചെടുക്കുന്നതും, നിയമലംഘകരെ പബ്ലിക് പ്രോസിക്യൂഷൻ നടപടികൾക്കായി ശുപാർശ ചെയ്യുന്നതാണെന്നും അതോറിറ്റി വ്യക്തമാക്കി.