ദുബായ്: COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു; വിനോദ പ്രവർത്തനങ്ങൾക്കും, സാമൂഹിക ചടങ്ങുകൾക്കും ഇളവുകൾ

featured GCC News

എമിറേറ്റിലെ സാമൂഹിക ചടങ്ങുകളും, മറ്റു പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള COVID-19 മുൻകരുതൽ നടപടികളിൽ മാറ്റങ്ങൾ വരുത്തിയതായി ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്ക് കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിനുള്ള ഈ തീരുമാനം 2021 മെയ് 17 മുതൽ പ്രാബല്യത്തിൽ വന്നതായും അധികൃതർ കൂട്ടിച്ചേർത്തു.

മെയ് 17-ന് വൈകീട്ടാണ് ദുബായ് അധികൃതർ ഇത് സംബന്ധിച്ചുള്ള അറിയിപ്പുകൾ നൽകിയത്. ഈ പുതിയ അറിയിപ്പ് അനുസരിച്ച്, മെയ് 17 മുതൽ എമിറേറ്റിലെ റെസ്റ്റോറന്റുകൾ, കഫേകൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ തത്സമയ വിനോദ പരിപാടികളും, കലാപരിപാടികളും, മറ്റു പ്രവർത്തനങ്ങളും നടത്തുന്നതിന് അനുമതി നൽകിയിട്ടുണ്ട്. മെയ് 17 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു മാസത്തേക്കാണ് നിലവിൽ ഈ അനുമതികൾ നൽകിയിരിക്കുന്നത്.

ഇത്തരം പരിപാടികൾ അവതരിപ്പിക്കുന്ന കലാകാരൻമാരും മറ്റും മുഴുവൻ പ്രതിരോധ നിർദ്ദേശങ്ങളും പാലിക്കേണ്ടതും, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതുമാണ്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു മാസത്തേക്ക് നൽകിയിട്ടുള്ള അനുമതിയുടെ കാലാവധി സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പിന്നീട് ദീര്‍ഘിപ്പിക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഈ പുതിയ തീരുമാന പ്രകാരം എമിറേറ്റിലെ മുഴുവൻ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയും വേദികളുടെയും പ്രവർത്തന ശേഷി 70 ശതമാനത്തിലേക്ക് ഉയർത്തുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഹോട്ടലുകൾക്ക് അവരുടെ പ്രവർത്തന ശേഷി 100 ശതമാനത്തിലേക്ക് ഉയർത്തുന്നതിനും അനുമതി നൽകിയിട്ടുണ്ട്. എമിറേറ്റിലെ മുഴുവൻ ചടങ്ങുകളിലും, വിനോദ പരിപാടികളിലും പങ്കെടുക്കുന്ന ആളുകൾ മാസ്ക് ധരിക്കേണ്ടതും, രണ്ട് മീറ്ററിൽ കുറയാത്ത ശാരീരിക അകലം പാലിക്കേണ്ടതും നിർബന്ധമാണ്.

സാമൂഹിക കായിക മത്സരങ്ങൾ, സംഗീതകച്ചേരികൾ:

മെയ് 17 മുതൽ എമിറേറ്റിൽ സാമൂഹിക കായിക മത്സരങ്ങൾ, സംഗീതകച്ചേരികൾ, ഗല ഡിന്നർ മുതലായ ചടങ്ങുകൾ സംഘടിപ്പിക്കുന്നതിന് പ്രത്യേക പെർമിറ്റുകൾ അനുവദിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു മാസത്തേക്കാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നവരും, കാണികളും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം.

പരമാവധി ശേഷിയുടെ 70 ശതമാനം പേർക്കാണ് ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ അനുമതി നൽകിയിരിക്കുന്നത്. മെയ് 17 മുതൽ, ഈ പുതിയ മാനദണ്ഡങ്ങൾ പ്രകാരം പെർമിറ്റുകൾ അനുവദിക്കുന്ന പരിപാടികളിൽ ഇൻഡോറിൽ പരമാവധി 1500 പേർക്കും, ഔട്ട്ഡോറിൽ പരമാവധി 2500 പേർക്കും പങ്കെടുക്കാം.

വിവാഹ ചടങ്ങുകൾ:

പരമാവധി 100 പേരെ പങ്കെടുപ്പിച്ച് കൊണ്ട് എമിറേറ്റിലെ വിവാഹവേദികളിലും, ഹോട്ടലുകളിലും വിവാഹ ചടങ്ങുകൾ നടത്തുന്നതിനും അനുമതി നൽകിയിട്ടുണ്ട്. ഇത്തരം ചടങ്ങിൽ പങ്കെടുക്കുന്ന മുഴുവൻ പേരും COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിരിക്കണം. വീടുകളിൽ സംഘടിപ്പിക്കുന്ന വിവാഹ പരിപാടികളിൽ പരമാവധി 30 പേർക്ക് പങ്കെടുക്കാം. ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്ന മുഴുവൻ പേരും മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം തുടങ്ങിയ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.

ഭക്ഷണശാലകൾ:

റെസ്റ്റോറന്റുകളിൽ ഒരൊറ്റ മേശയിൽ ഇരിക്കാൻ അനുവദിക്കുന്ന പരമാവധി ആളുകളുടെ എണ്ണം 10 ആയി ഉയർത്തിയിട്ടുണ്ട്. കോഫി ഷോപ്പുകളിൽ ഒരു ടേബിളിൽ പരമാവധി ആറ് പേർക്ക് വരെ ഇരിക്കാം. അധികൃതർ നൽകിയ പുതുക്കിയ മുൻകരുതൽ നടപടികൾ കർശനമായി പാലിച്ചുകൊണ്ട് റെസ്റ്റോറന്റുകളിൽ ഡൈനിങ്ങ് പുനരാരംഭിക്കാൻ അനുവാദമുണ്ട്.

എമിറേറ്റിലെ പ്രതിരോധ നടപടികൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഊന്നിപ്പറഞ്ഞു. ഇത്തരം നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്ക് കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

WAM