രാജ്യത്തെ നഴ്സറികൾ ജൂൺ മാസം മുതൽ തുറക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി ആരോഗ്യ മന്ത്രാലയവുമായി കുവൈറ്റ് മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്സ് ചർച്ച നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ പ്രീ-സ്കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് അനുമതി നൽകാൻ കുവൈറ്റ് ആരോഗ്യ മന്ത്രലയത്തിന് കീഴിലുള്ള COVID-19 എമർജൻസി കമ്മിറ്റി നേരത്തെ അനുമതി നൽകിയ സാഹചര്യത്തിലാണ് ഈ ചർച്ച.
നഴ്സറികളിലെ മുഴുവൻ അധ്യാപകർക്കും, ജീവനക്കാർക്കും COVID-19 വാക്സിൻ നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ നഴ്സറികളിലെയും ജീവനക്കാർ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനനുസരിച്ചായിരിക്കും അവ തുറക്കുന്നതിന് അനുമതി നൽകുന്നതെന്നാണ് സൂചന. ജീവനക്കാർക്ക് നഴ്സറികളിൽ പ്രവേശിക്കുന്നതിന് വാക്സിനേഷൻ ചെയ്തതിന്റെ രേഖ, നെഗറ്റീവ് PCR റിസൾട്ട് എന്നിവ നിർബന്ധമാണ്.
ഇത്തരം സ്ഥാപനങ്ങളിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ചുമതല അതാത് നഴ്സറികളുടെ ഉടമകൾക്കായിരിക്കും. ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെക്കുന്ന മുഴുവൻ സുരക്ഷാ മാനദണ്ഡങ്ങളും നഴ്സറികളിൽ ഉറപ്പാക്കേണ്ടതാണ്. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഒരു വർഷത്തിലധികമായി കുവൈറ്റിലെ നഴ്സറികൾ ഉൾപ്പടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.