രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു. 2021 ജൂൺ 2-ന് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം.
COVID-19 നിയന്ത്രണങ്ങളിൽ താഴെ പറയുന്ന ഇളവുകൾ അനുവദിക്കുന്നതിനാണ് സുപ്രീം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്:
- ദിനവുമുള്ള പ്രാർത്ഥനകൾക്കായി പരമാവധി 100 വിശ്വാസികളെ പങ്കെടുപ്പിച്ച് കൊണ്ട് പള്ളികൾ തുറക്കാൻ അനുമതി നൽകി. വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്ക് അനുമതിയില്ല.
- ഒമാനിൽ ദിനവും രാത്രി 8 മുതൽ പുലർച്ചെ 4 വരെ വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കും. വാണിജ്യ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ, റെസ്റ്ററന്റുകൾ, കഫെ മുതലായ ഇടങ്ങളിൽ പരമാവധി ശേഷിയുടെ 50 ശതമാനം ഉപഭോക്താക്കൾക്ക് പ്രവേശനം. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഇത്തരം ഇടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് ഒഴിവാക്കി.
- ആളുകൾ ഒത്ത് ചേരുന്ന എക്സിബിഷൻ, വെഡിങ്ങ് ഹാൾ, മറ്റു വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പരമാവധി മുപ്പത് ശതമാനം പേരെ പങ്കെടുപ്പിച്ച് പ്രവർത്തനാനുമതി നൽകി. വലിയ ഹാളുകളിൽ പരമാവധി 300 പേരെ വരെ പങ്കെടുപ്പിക്കാം.
- പൊതുജനങ്ങൾക്ക് ബീച്ച്, പൊതു പാർക്കുകൾ എന്നിവ സന്ദർശിക്കാൻ അനുമതി നൽകും. എന്നാൽ ഇത്തരം ഇടങ്ങളിൽ ആളുകൾ ഒത്ത്ചേരുന്നതിന് അനുമതിയില്ല.
- ഒമാനിലും, ചുറ്റുമുള്ള രാജ്യങ്ങളിലും തൊഴിലെടുക്കുന്ന ഒമാൻ പൗരന്മാർ, ജി സി സി രാജ്യങ്ങളിലെ റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്ക് തൊഴിൽ ആവശ്യങ്ങൾക്കായി രാജ്യത്തിന്റ കര അതിർത്തികളിലൂടെ സഞ്ചരിക്കുന്നതിന് അനുമതി നൽകി. ഇതിനായി ഇത്തരത്തിൽ യാത്ര ചെയ്യുന്ന യാത്രികർ തങ്ങളുടെ കൈവശം തൊഴിൽ സംബന്ധമായ രേഖകൾ കൈവശം കരുതേണ്ടതാണ്.
- ഔട്ഡോർ സ്പോർട്സ് പരിപാടികൾക്ക് അനുമതി.
- പരമാവധി ശേഷിയുടെ 50 ശതമാനത്തിൽ ജിം, ഫിറ്റ്നസ് സെന്റർ എന്നിവ തുറക്കാം.
- ഹോട്ടലുകളിലെ അതിഥികൾ, ക്ലബുകളിലെ അംഗങ്ങൾ തുടങ്ങിയവർക്ക് ഇത്തരം ഇടങ്ങളിലെ സ്വിമ്മിങ്ങ് പൂൾ, ജിം മുതലായ സേവനങ്ങൾ ഉപയോഗിക്കാൻ അനുമതി.
- ഏതാനം രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശനവിലക്കുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരും. ഇതിന് പുറമെ ജൂൺ 5 മുതൽ മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങൾക്കും ഒമാനിലേക്ക് പ്രവേശനവിലക്കേർപ്പെടുത്തുന്നതാണ്.