2021-ലെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന തീർത്ഥാടകർ ചുരുങ്ങിയത് ഒരു ഡോസ് COVID-19 വാക്സിനെങ്കിലും നിർബന്ധമായും സ്വീകരിച്ചിരിക്കണമെന്ന് സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി. ജൂൺ 12, ശനിയാഴ്ച്ച നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ അറിയിക്കുന്നതിനിടയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
വാക്സിനേഷൻ സ്വീകരിച്ചവരുടെ വിവരങ്ങൾ സൗദി ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ കൃത്യമായി സൂക്ഷിക്കുന്നതിനാൽ, ഇക്കാര്യത്തിൽ യാതൊരു തരത്തിലുള്ള കൃത്രിമ വാക്സിനേഷൻ രേഖകളും ഉപയോഗിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹജ്ജ് തീർത്ഥാടകർക്ക് ആവശ്യമായ ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതിനായി മക്കയിലെ മൂന്ന് ആശുപത്രികളിൽ പ്രത്യേക തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു.
2021-ലെ ഹജ്ജ് തീർത്ഥാടനം രാജ്യത്തിനകത്തുള്ള തീർത്ഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ജൂൺ 12-ന് അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് നടന്ന പത്രസമ്മേളനത്തിലാണ് ഡോ. തൗഫീഖ് അൽ റാബിയ തീർത്ഥാടനവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നടപടികൾ വ്യക്തമാക്കിയത്.
60000 ആഭ്യന്തര തീർത്ഥാടകർക്കാണ് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത്. കഴിഞ്ഞ വർഷവും, ഇതേ രീതിയിൽ വിദേശ തീർത്ഥാടകരെ പങ്കെടുപ്പിക്കാതെയാണ് തീർത്ഥാടനം നടത്തിയത്. തീർത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുന്നത്, നിലവിലെ സാഹചര്യത്തിൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വളരെ പ്രധാനമാണെന്ന് ഡോ. തൗഫീഖ് അൽ റാബിയ ചൂണ്ടിക്കാട്ടി.
നിലവിൽ സൗദിയിലുള്ള പൗരന്മാരെയും, പ്രവാസികളെയും മാത്രം പങ്കെടുപ്പിച്ച് കൊണ്ട് തീർത്ഥാടനം നടത്തുന്നത് സൗദിയിലും, തീർത്ഥാടനത്തിന് ശേഷം മറ്റു രാജ്യങ്ങളിലും വൈറസ് വ്യാപനം തടയുന്നതിന് സഹായകമാകുമെന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് സഹമന്ത്രി അബ്ദുൽ ഫത്തഹ് മഷത് വ്യക്തമാക്കി. പരിമിതമായ രീതിയിൽ, കർശനമായ ആരോഗ്യ സുരക്ഷാ നിബന്ധനകളോടെ നടത്തുന്ന തീർത്ഥാടനം, വൈറസ് വ്യാപനത്തിന്റെ എല്ലാ സാധ്യതകളും നിയന്ത്രിച്ച് കൊണ്ടാണ് നടത്തപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരോ, ആദ്യ ഡോസ് വാക്സിനെടുത്ത ശേഷം 14 ദിവസം പൂർത്തിയാക്കിയവരോ, രോഗമുക്തി നേടിയ ശേഷം വാക്സിൻ സ്വീകരിച്ചവരോ ആയ 18-നും, 65-നും ഇടയിൽ പ്രായമുള്ള, മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തവർക്കാണ് ഈ വർഷം ഹജ്ജ് രജിസ്ട്രേഷൻ അനുമതിയുള്ളത്. പൊതുസമൂഹത്തിന്റെയും, തീർത്ഥാടകരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇത് തുടർച്ചയായി രണ്ടാമത്തെ വർഷമാണ് ഹജ്ജ് രജിസ്ട്രേഷൻ ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്.