ഒമാൻ: മസ്കറ്റിൽ COVID-19 ഡ്രൈവ്-ത്രൂ വാക്സിനേഷൻ സേവനങ്ങൾ ആരംഭിച്ചു

GCC News

മസ്കറ്റ് ഗവർണറേറ്റിൽ രണ്ടാം ഡോസ് COVID-19 വാക്സിൻ ലഭിക്കുന്നതിന് മുൻഗണന ഏർപ്പെടുത്തിയിട്ടുള്ളവർക്ക് വാക്സിൻ നൽകുന്നതിനായി, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ അങ്കണത്തിൽ നിന്ന് ഡ്രൈവ്-ത്രൂ വാക്സിനേഷൻ സേവനങ്ങൾ ആരംഭിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ് കുത്തിവെപ്പിനർഹരായവർ, സർക്കാർ ഉദ്യോഗസ്ഥർ എന്നീ വിഭാഗങ്ങൾക്കാണ് ഈ കേന്ദ്രത്തിൽ നിന്ന് നിലവിൽ വാക്സിൻ നൽകുന്നത്. ജൂൺ 13, ഞായറാഴ്ച്ച മുതലാണ് ഈ കേന്ദ്രത്തിൽ നിന്നുള്ള വാക്സിനേഷൻ സേവനങ്ങൾ ആരംഭിച്ചത്.

https://twitter.com/dghs_muscat/status/1403748040985436166

മസ്കറ്റ് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന് കീഴിലാണ് ഈ ഡ്രൈവ്-ത്രൂ വാക്സിനേഷൻ സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഇവിടെ നിന്ന് വാക്സിനേഷൻ നൽകുന്നതിന് മുൻഗണനയുള്ള വിഭാഗങ്ങൾ സംബന്ധിച്ച് ഓരോ ആഴ്ച്ച തോറും അറിയിപ്പ് നൽകുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഒമാനിൽ നിലവിൽ നടപ്പിലാക്കിവരുന്ന വിപുലീകരിച്ച COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി കൂടുതൽ പേരിലേക്ക് വാക്സിൻ വിതരണം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. വാക്സിനെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സുഗമമായ സേവനങ്ങൾ നൽകുന്നതിനും, മറ്റു കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനും, കാത്തിരിപ്പ് ഒഴിവാക്കുന്നതിനും ഈ ഡ്രൈവ്-ത്രൂ സേവനം സഹായകമാണെന്ന് മസ്കറ്റ് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ആക്ടിങ്ങ് ഡയറക്ടർ ഡോ. തമ്ര ബിൻത് സൈദ് അൽ ഘഫ്രിയാഹ് വ്യക്തമാക്കി.

ഈ കേന്ദ്രത്തിൽ നിന്ന് ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ, ദിനവും വൈകീട്ട് 4 മുതൽ രാത്രി 9 മണിവരെ സേവനങ്ങൾ ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, അൽ റഫാഹ് ഹോസ്പിറ്റൽ എന്നിവരുമായി സംയുക്തമായാണ് മസ്കറ്റ് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഈ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

Photo: Oman News Agency.