വാക്സിനെടുക്കാത്തവർക്ക് രാജ്യത്തെ ഷോപ്പിംഗ് മാളുകളിൽ പ്രവേശനവിലക്കേർപ്പെടുത്താനുള്ള തീരുമാനത്തിൽ ഏതാനം വിഭാഗങ്ങൾക്ക് ഇളവ് അനുവദിക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലേക്കും, മാളുകളിലേക്കുമുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കുമെന്ന് വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
ഓഗസ്റ്റ് 1 മുതൽ ഈ തീരുമാനം നടപ്പിലാക്കുന്നത് ആരംഭിക്കുമെങ്കിലും, നിലവിൽ COVID-19 വാക്സിൻ കുത്തിവെപ്പെടുക്കാത്ത 18 വയസ്സിന് താഴെ പ്രായമുള്ളവർ, ആരോഗ്യ പ്രശ്നങ്ങളാൽ വാക്സിൻ സ്വീകരിക്കാനാകാത്തവർ എന്നീ വിഭാഗങ്ങൾക്ക് ഷോപ്പിംഗ് മാളുകളിലേക്ക് പ്രവേശനം അനുവദിക്കുന്നത് തുടരുമെന്നാണ് സൗദി വാണിജ്യ മന്ത്രാലയം ജൂൺ 14-ന് അറിയിച്ചത്. COVID-19 വാക്സിനിന്റെ ആദ്യ ഡോസ് കുത്തിവെപ്പെങ്കിലും സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമാണ് ഓഗസ്റ്റ് 1 മുതൽ സൗദിയിലെ മാളുകളിലേക്ക് പ്രവേശനം നൽകുന്നതെന്ന് സൗദി മിനിസ്ട്രി ഓഫ് കോമേഴ്സ് വക്താവ് അബ്ദുൽ റഹ്മാൻ അൽ ഹുസ്സയിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
2021 ഓഗസ്റ്റ് 1 മുതൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും രാജ്യത്തെ തൊഴിലിടങ്ങളിലും, വാണിജ്യ കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കുക എന്ന് സൗദി ആഭ്യന്തര മന്ത്രാലയം മെയ് 18-ന് അറിയിച്ചിരുന്നു. പൊതുസമൂഹത്തിൽ COVID-19 വാക്സിനേഷൻ കൂടുതൽ പേരിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് സൗദി അധികൃതർ ഈ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 1 മുതൽ വാണിജ്യ പ്രവർത്തനങ്ങൾ, സാംസ്കാരിക പരിപാടികൾ, വിനോദപരിപാടികൾ, കായികവിനോദ വേദികൾ മുതലായ ഇടങ്ങളിലെല്ലാം പ്രവേശനം ലഭിക്കുന്നതിന് സൗദി COVID-19 വാക്സിൻ നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, മുതലായ ഇടങ്ങളിലേക്കും വാക്സിനെടുത്തവർക്ക് മാത്രമായി പ്രവേശനം നിയന്ത്രിക്കാനും സൗദി തീരുമാനിച്ചിട്ടുണ്ട്. ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ‘Tawakkalna’ ആപ്പ് ഉപയോഗപ്പെടുത്തുന്നതാണെന്നും മന്ത്രാലയം അറിയിച്ചിരുന്നു.