COVID-19 വാക്സിനെടുത്ത ഗാർഹിക ജീവനക്കാർ വിദേശയാത്രയ്ക്കിടയിൽ രോഗബാധിതരാകുന്ന സാഹചര്യത്തിൽ അവർക്ക് കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കുന്നതിന് അനുമതി നൽകില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുവൈറ്റിൽ നിന്ന് ഒരു ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച ശേഷം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത്, വിദേശത്ത് വെച്ച് COVID-19 രോഗബാധിതരാകുന്നവർക്കാണ് ഈ തീരുമാനം ബാധകമാക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റ് 1 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് അറിയാൻ കഴിയുന്നത്. വിവിധ വകുപ്പുകളിലെ സ്രോതസുകൾ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കുവൈറ്റിൽ നിന്ന് ഫൈസർ COVID-19 വാക്സിനിന്റെ ഒരു ഡോസ് കുത്തിവെപ്പ് സ്വീകരിക്കുന്ന ഗാർഹിക ജീവനക്കാർ രണ്ടാം ഡോസ് സ്വീകരിക്കുന്നതിന് 10 ആഴ്ച്ച കാത്തിരിക്കണമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ഓക്സ്ഫോർഡ് വാക്സിൻ സ്വീകരിക്കുന്നവർ രണ്ടാം ഡോസ് 16 ആഴ്ച്ചകൾക്ക് ശേഷമാണ് സ്വീകരിക്കേണ്ടതെന്നും ഈ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകാൻ കുവൈറ്റ് ക്യാബിനറ്റ് ജൂൺ 17-ന് തീരുമാനിച്ചിരുന്നു. സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്കാണ് ഇത്തരത്തിൽ പ്രവേശനാനുമതി നൽകുന്നത്.
ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക, മോഡർന എന്നീ വാക്സിനുകളുടെ രണ്ട് ഡോസ് കുത്തിവെപ്പ് എടുത്തവർ, അല്ലെങ്കിൽ ജോൺസൻ ആൻഡ് ജോൺസൻ COVID-19 വാക്സിനിന്റെ ഒരു ഡോസ് കുത്തിവെപ്പ് എടുത്തവർ എന്നീ വിഭാഗങ്ങളിലുള്ള പ്രവാസികൾക്ക് ഓഗസ്റ്റ് 1 മുതൽ കുവൈറ്റിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി സർക്കാർ വക്താവ് താരീഖ് അൽ മെസ്രമാണ് അറിയിച്ചത്. ഇത്തരം യാത്രികർ, കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇത്തരത്തിൽ കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് രാജ്യത്തെത്തിയ ശേഷം 7 ദിവസം ക്വാറന്റീൻ നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.