കുവൈറ്റ്: വാക്സിനെടുത്ത സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകി

featured GCC News

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് 2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു. സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്കാണ് ഇത്തരത്തിൽ പ്രവേശനാനുമതി നൽകുന്നത്.

ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക, മോഡർന എന്നീ വാക്സിനുകളുടെ രണ്ട് ഡോസ് കുത്തിവെപ്പ് എടുത്തവർ, അല്ലെങ്കിൽ ജോൺസൻ ആൻഡ് ജോൺസൻ COVID-19 വാക്സിനിന്റെ ഒരു ഡോസ് കുത്തിവെപ്പ് എടുത്തവർ എന്നീ വിഭാഗങ്ങളിലുള്ള പ്രവാസികൾക്ക് ഓഗസ്റ്റ് 1 മുതൽ കുവൈറ്റിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി സർക്കാർ വക്താവ് താരീഖ് അൽ മെസ്‌രമാണ് അറിയിച്ചത്. ഇത്തരം യാത്രികർ, കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇത്തരത്തിൽ കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് രാജ്യത്തെത്തിയ ശേഷം 7 ദിവസം ക്വാറന്റീൻ നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റിൽ നിന്ന് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ പ്രവാസികൾക്ക് വിദേശത്തേക്ക് യാത്ര ചെയ്ത ശേഷം തിരികെയെത്തുന്നതിനും അനുമതി നൽകുന്നതാണ്. കർശനമായ ആരോഗ്യ സുരക്ഷാ നിബന്ധനകളോടെയാണ് ഇത്തരം യാത്രകൾ അനുവദിക്കുന്നത്.

2021 ജൂൺ 27 മുതൽ രാജ്യത്തെ റെസ്റ്ററന്റുകൾ, കഫേ, ജിം, സലൂൺ, വലിയ മാളുകൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് പുതിയ വിസ അനുവദിക്കുന്നതിനും കുവൈറ്റ് ക്യാബിനറ്റ് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.