2021 ജൂൺ 27, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മാളുകൾ, റെസ്റ്ററന്റുകൾ മുതലായ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ (CGCKuwait) അറിയിച്ചു. ഇത് നടപ്പിലാക്കുന്നതിന്റെ നടപടിക്രമങ്ങളും CGCKuwait പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂൺ 24-ന് രാത്രിയാണ് കുവൈറ്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ, വാക്സിനെടുക്കാത്തവർക്ക് ജൂൺ 27 മുതൽ പൊതുഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കുന്നതിനായി ‘My Mobile ID’ അല്ലെങ്കിൽ ‘Immune’ എന്നീ ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്.
ഈ ആപ്പുകളിൽ താഴെ പറയുന്ന രീതിയിലാണ് വാക്സിനേഷൻ സംബന്ധമായ സ്റ്റാറ്റസ് രേഖപ്പെടുത്തുന്നത്:
- വാക്സിനെടുക്കാത്തവർ, COVID-19 രോഗബാധിതരായ ശേഷം 10 ദിവസത്തെ ക്വാറന്റീൻ കാലാവധി പൂർത്തിയാകാത്തവർ എന്നീ വിഭാഗങ്ങളുടെ സ്റ്റാറ്റസ് ചുവപ്പ് നിറത്തിൽ രേഖപ്പെടുത്തുന്നതാണ്.
- COVID-19 വാക്സിനിന്റെ ഒരു ഡോസ് കുത്തിവെപ്പ് സ്വീകരിച്ചവർ, രണ്ടാം ഡോസ് കുത്തിവെപ്പെടുത്തശേഷം 14 ദിവസം പൂർത്തിയാകാത്തവർ, COVID-19 രോഗമുക്തി നേടിയവർ (ഇവർക്ക് ക്വാറന്റീൻ പൂർത്തിയാക്കിയ നാൾ മുതൽ 90 ദിവസത്തേക്ക്) എന്നീ വിഭാഗങ്ങളുടെ സ്റ്റാറ്റസ് ഓറഞ്ച് നിറത്തിൽ രേഖപ്പെടുത്തുന്നതാണ്.
- COVID-19 വാക്സിനിന്റെ ഇരു ഡോസുകളും സ്വീകരിച്ച, രണ്ടാം ഡോസ് കുത്തിവെപ്പെടുത്തശേഷം 14 ദിവസം പൂർത്തിയാക്കിയവരുടെ സ്റ്റാറ്റസ് പച്ച നിറത്തിൽ രേഖപ്പെടുത്തുന്നതാണ്.
2021 ജൂൺ 27 മുതൽ കുവൈറ്റിൽ ‘My Mobile ID’ അല്ലെങ്കിൽ ‘Immune’ എന്നീ ആപ്പുകളിൽ പച്ച, ഓറഞ്ച് എന്നീ നിറങ്ങളിൽ വാക്സിനേഷൻ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമാണ് താഴെ പറയുന്ന പൊതു ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്:
- റെസ്റ്റാറന്റുകൾ
- കഫേ
- മാളുകൾ
- ജിം
- ബ്യൂട്ടി സലൂൺ
- തിയേറ്റർ
- സിനിമാശാലകൾ
- സാംസ്കാരിക കേന്ദ്രങ്ങൾ
ഇത്തരം കേന്ദ്രങ്ങളിലെത്തുന്നവരുടെ വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതിനായി പ്രത്യേക സുരക്ഷാ സംഘങ്ങളെ വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വാക്സിനേഷൻ സ്റ്റാറ്റസ് ചുവപ്പ് നിറത്തിലുള്ളവർക്ക് ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം നൽകുന്നതല്ല.