ഖത്തർ: പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി

featured GCC News

പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി 2021 ഡിസംബർ 31 വരെ നീട്ടിയതായി ഖത്തറിലെ വിവിധ ബാങ്കുകൾ അറിയിച്ചു. പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാൻ 2021 ജൂലൈ 1 വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്. ഇപ്പോൾ ഖത്തർ സെൻട്രൽ ബാങ്കിന്റെ നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിൽ ഈ കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി നൽകിയതായി ബാങ്കുകൾ അറിയിച്ചിട്ടുണ്ട്.

“ഖത്തർ റിയാലിന്റെ നാലാം ശ്രേണിയിൽപ്പെട്ട നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയം 2021 ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. ഈ കാലയളവിൽ QNB-യുടെ ബ്രാഞ്ചുകളിലോ, എടിഎം മെഷീനുകൾ, ബൾക്ക് ഡെപ്പോസിറ്റ് മെഷീനുകൾ എന്നിവയിലൂടെയോ പഴയ നോട്ടുകൾ നിക്ഷേപിക്കാവുന്നതാണ്.”, ഖത്തർ നാഷണൽ ബാങ്ക് ഇത് സംബന്ധിച്ച് ട്വിറ്ററിലൂടെ അറിയിച്ചു.

“ഖത്തർ സെൻട്രൽ ബാങ്കിന്റെ നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിൽ ഞങ്ങളുടെ ബ്രാഞ്ചുകളിലും, എടിഎം മെഷീനുകളിലും 2021 ഡിസംബർ 31 വരെ പഴയ ശ്രേണിയിൽപ്പെട്ട ബാങ്ക് നോട്ടുകൾ സ്വീകരിക്കുന്നതാണ്.”, അഹ്‍ലി ബാങ്ക് ട്വിറ്ററിലൂടെ വ്യക്തമാക്കി. ദോഹ ബാങ്ക്, QIB, അൽ ഖലീജി തുടങ്ങിയ മറ്റു ബാങ്കുകളും സമാനമായ അറിയിപ്പുകൾ നൽകിയിട്ടുണ്ട്.

2020 ഡിസംബർ 18-നാണ് ഖത്തർ സെൻട്രൽ ബാങ്ക് ഖത്തർ റിയാലിന്റെ അഞ്ചാം ശ്രേണിയിൽപ്പെട്ട പുതിയ ബാങ്ക് നോട്ടുകൾ പുറത്തിറക്കിയത്. ഈ ശ്രേണിയിൽപ്പെട്ട 200 റിയാലിന്റെ ബാങ്ക് നോട്ട് ഇത്തരം മൂല്യത്തിൽ ഖത്തറിൽ പുറത്തിറങ്ങുന്ന ആദ്യ കറൻസിയാണ്.