വിദേശത്ത് നിന്നെത്തുന്ന മുഴുവൻ യാത്രികർക്കും, അവർ സൗദിയിൽ വെച്ച് നടത്തുന്ന COVID-19 PCR ടെസ്റ്റുകളിൽ പോസറ്റീവ് ആകുന്ന സാഹചര്യത്തിൽ 10 മുതൽ 14 ദിവസം വരെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. രോഗബാധിതരാണെന്ന് കണ്ടെത്തുന്ന, ഹോസ്പിറ്റൽ ചികിത്സ ആവശ്യമാകാത്ത യാത്രികർക്കാണ് ഈ നിബന്ധന ബാധകമാക്കുന്നത്.
വിദേശ യാത്രികർക്ക്, സൗദിയിൽ വെച്ച് നടത്തുന്ന COVID-19 ചികിത്സകൾക്ക് പരിരക്ഷയേകുന്ന ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്നും സൗദി ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ രാജ്യത്തേക്ക് വിമാനസർവീസ് നടത്തുന്ന എല്ലാ കമ്പനികൾക്കും അറിയിപ്പ് നൽകിയിട്ടുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥരോടൊപ്പം യാത്രചെയ്യുന്ന ഗാർഹിക ജീവനക്കാർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിബന്ധന ബാധകമാക്കിയിട്ടില്ല. ജിസിസി പൗരന്മാർ, റെസിഡൻസി വിസകളിലുള്ളവർ എന്നിവർക്ക് ആരോഗ്യ ഇൻഷുറൻസിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
ക്വാറന്റീൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് രണ്ട് ലക്ഷം റിയാൽ പിഴയും, രണ്ട വർഷം വരെ തടവും ശിക്ഷയായി ലഭിക്കാവുന്നതാണ്. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ ലഭിക്കുന്നതാണ്. ഇത്തരം ലംഘനങ്ങൾ നടത്തുന്ന വിദേശികളെ ശിക്ഷാ നടപടികൾക്ക് ശേഷം അവരുടെ സ്വദേശങ്ങളിലേക്ക് നട കടത്തുമെന്നും, പിന്നീട് സൗദിയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തേക്ക് പ്രവേശിക്കുന്നവർ ഫൈസർ, മോഡർന, ഓക്സ്ഫോർഡ് ആസ്ട്രസെനേക വാക്സിനുകളുടെ രണ്ടു ഡോസുകളോ, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനിന്റെ ഒരു ഡോസോ സ്വീകരിച്ചിരിക്കണം. അവസാന ഡോസ് കുത്തിവെപ്പ് സ്വീകരിച്ച് 14 ദിനം പൂർത്തിയാക്കിയവർക്കാണ് ഇത്തരത്തിൽ പ്രവേശനം അനുവദിക്കുന്നത്.
സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് യാത്ര തിരിക്കുന്ന രാജ്യത്തെ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്. യാത്രികർ സൗദിയിൽ തുടരുന്ന കാലയളവിൽ മുഴുവൻ സമയവും തങ്ങളുടെ കൈവശം ഈ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കരുതേണ്ടതാണ്.