യു എ ഇ: മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കും, കൈവശം വെക്കുന്നവർക്കും തടവ്ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്

featured UAE

രാജ്യത്ത് മയക്കുമരുന്ന്, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവ ഉപയോഗിക്കുന്നവർക്കും, കൈവശം വെക്കുന്നവർക്കും തടവ്ശിക്ഷ ലഭിക്കാമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങൾക്ക് ലഭിക്കാവുന്ന ശിക്ഷകളെ സംബന്ധിച്ച് പൊതു സമൂഹത്തിൽ അവബോധം ഉണ്ടാക്കുന്നതിനായാണ് പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്ററിലൂടെ ഈ അറിയിപ്പ് നൽകിയത്.

യു എ ഇ ഫെഡറൽ നിയമം നമ്പർ. 14/ 1995 പ്രകാരം, ഈ നിയമത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള 1, 2, 3, 4 ഷെഡ്യൂളുകൾക്കനുസരിച്ചുള്ള ഏതെങ്കിലും പ്രകൃതിദത്ത അല്ലെങ്കിൽ കൃത്രിമ പദാർത്ഥങ്ങളെ മയക്കുമരുന്നായി കണക്കാക്കുന്നതാണ്. ഈ നിയമത്തിലെ ആർട്ടിക്കിൾ 40 അനുസരിച്ച്, 3, 6, 7, 8 ഷെഡ്യൂളുകളിൽ നൽകിയിട്ടുള്ള ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കിൽ ലഹരി പദാർത്ഥങ്ങൾ ഏതെങ്കിലും തരത്തിൽ ദുരുപയോഗം ചെയ്യുകയോ വ്യക്തിപരമായി ഉപയോഗിക്കുകയോ ചെയ്യുന്നുവെങ്കിൽ കുറഞ്ഞത് ആറുമാസം മുതൽ രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.

ആർട്ടിക്കിൾ 41 അനുസരിച്ച് ആരെങ്കിലും ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, അല്ലെങ്കിൽ ഈ നിയമത്തിലെ ഷെഡ്യൂളുകളിൽ വ്യക്തമാക്കിയിട്ടില്ലാത്ത സസ്യങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നുവെങ്കിൽ പരമാവധി ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.

മറ്റുള്ളവരെ നിർബന്ധപൂർവ്വം മയക്കുമരുന്നുകളും, ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത് യു എ ഇയിൽ കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

WAM