ഖത്തർ: വാഹനമോടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗത്തിനെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി

featured Qatar

വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഡ്രൈവിങ്ങിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം റോഡപകടങ്ങളിലേക്ക് നയിക്കാമെന്ന് മന്ത്രാലയം പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.

ഡ്രൈവിംഗ് എന്നത് അത്യന്തം ശ്രദ്ധ ആവശ്യമുള്ള ഒരു പ്രവർത്തിയാണെന്നും, ഡ്രൈവിങ്ങിനിടയിൽ ഡ്രൈവറുടെ ശ്രദ്ധ പൂർണ്ണമായും റോഡിലെ സാഹചര്യങ്ങളിൽ പതിയേണ്ടത് അപകടങ്ങൾ ഒഴിവാക്കുന്നതിന് ഏറെ നിർണ്ണായകമാണെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.

വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് റോഡിൽ നിന്ന് ശ്രദ്ധ വഴിമാറുന്നതിനും, ഇതേ തുടർന്നുള്ള റോഡപകടങ്ങൾക്ക് കാരണമാകാമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇത്തരം പ്രവർത്തികൾ സ്വന്തം ജീവനും, മറ്റുള്ളവരുടെ ജീവനും അപകടമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.