രാജ്യത്ത് പുതിയ വിസകൾക്കായി അപേക്ഷിക്കുന്ന സാഹചര്യത്തിൽ ഇനിമുതൽ ഡിജിറ്റൽ രൂപത്തിലുള്ള വർക്ക് പെർമിറ്റുകൾ മാത്രമാണ് സ്വീകരിക്കുന്നതെന്നും, ഇവ ഓൺലൈനിലൂടെയാണ് സ്വീകരിക്കുന്നതെന്നും ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 11-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
വിസ അപേക്ഷകളോടൊപ്പം പേപ്പർ രൂപത്തിലുള്ള വർക്ക് പെർമിറ്റുകളുടെ കോപ്പി ഇനിമുതൽ നൽകേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. റോയൽ ഒമാൻ പോലീസിന്റെ സംവിധാനങ്ങളുമായുള്ള ഇലക്ട്രോണിക് സംയോജനം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം.
“പേപ്പർ രൂപത്തിലുള്ള വർക്ക് പെർമിറ്റുകളുടെ കോപ്പി ഇനിമുതൽ സ്വീകരിക്കുന്നതല്ല. പുതിയ വിസ അപേക്ഷകളോടൊപ്പം വർക്ക് പെർമിറ്റ് വിവരങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ സമർപ്പിക്കേണ്ടതാണ്.”, തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.