ബർ ദുബായിൽ പുതിയ മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രം ആരംഭിച്ചതായി DHA

featured UAE

ബർ ദുബായിൽ ഒരു പുതിയ മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രം ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. ഇതോടെ വിസ അനുവദിക്കുന്നതിനും, പുതുക്കുന്നതിനും മുൻപായുള്ള മെഡിക്കൽ പരിശോധനകൾക്കായി ദുബായിൽ പ്രവർത്തിക്കുന്ന DHA കേന്ദ്രങ്ങളുടെ എണ്ണം 17 ആയിട്ടുണ്ട്.

ബർ ദുബായിലെ ഓൾഡ് മുസല്ല ടവറിനരികെയുള്ള സെൻട്രൽ മാളിലാണ് ഈ പുതിയ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ഈ കേന്ദ്രം ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ പ്രവർത്തിക്കുന്നതാണ്. പ്രവർത്തിദിവസങ്ങളിൽ ദിനവും രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ ഈ കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾ ലഭിക്കുന്നതാണ്.

നിലവിൽ ഈ കേന്ദ്രത്തിൽ നിന്ന് ദിനവും 500 പേർക്ക് വരെ സേവനങ്ങൾ നൽകാൻ സാധിക്കുമെന്ന് DHA അറിയിച്ചു. ഈ കേന്ദ്രത്തിന്റെ പ്രവർത്തനശേഷി ആവശ്യമെങ്കിൽ ഭാവിയിൽ ഉയർത്തുമെന്നും DHA വ്യക്തമാക്കി. പരിശോധനാ ഫലങ്ങൾ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം വിവിധ സമയങ്ങളിൽ ലഭ്യമാക്കുന്നതിനുള്ള സേവനവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. പൂർണമായും COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നതെന്നും DHA കൂട്ടിച്ചേർത്തു.