സൗദി: വാക്സിനെടുക്കാത്തവർക്ക് ഓഗസ്റ്റ് 1 മുതൽ പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ തീരുമാനം

GCC News

2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ പൊതു ഇടങ്ങളിലേക്കും, സ്വകാര്യ സ്ഥാപനങ്ങളിലേക്കും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാണ് പ്രവേശനം നൽകുന്നതെന്ന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് അറിയിച്ചു. ജൂലൈ 20-ന് രാത്രിയാണ് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് അനുസരിച്ച്, സൗദി അറേബ്യ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ മുഴുവൻ ഡോസ് കുത്തിവെപ്പുകളും പൂർത്തിയാക്കിയവർക്കും, COVID-19 രോഗമുക്തി നേടിയവർക്കുമാണ് ഓഗസ്റ്റ് 1 മുതൽ പൊതു ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. വാണിജ്യ കേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ, ചില്ലറ വില്പനശാലകൾ, പൊതു മാർക്കറ്റുകൾ, റെസ്റ്ററന്റുകൾ, കഫേ, ബാർബർ ഷോപ്പ്, ബ്യൂട്ടി സലൂൺ മുതലായവ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഓഗസ്റ്റ് 1 മുതൽ വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.

2021 ഓഗസ്റ്റ് 1 മുതൽ രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളിലേക്കും, മാളുകളിലേക്കുമുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 1 മുതൽ വാണിജ്യ പ്രവർത്തനങ്ങൾ, സാംസ്‌കാരിക പരിപാടികൾ, വിനോദപരിപാടികൾ, കായികവിനോദ വേദികൾ മുതലായ ഇടങ്ങളിലെല്ലാം പ്രവേശനം ലഭിക്കുന്നതിന് സൗദി COVID-19 വാക്സിൻ നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഇത്തരം ഇടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ‘Tawakkalna’ ആപ്പ് ഉപയോഗപ്പെടുത്തുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *