യു എ ഇയിലെ മറ്റു എമിറേറ്റുകളിലുള്ള വിമാനത്താവളങ്ങളിലൂടെ പ്രവേശിക്കുന്ന അബുദാബിയിലേക്കുള്ള യാത്രികർക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനായി ഗന്തൂത് അതിർത്തിയിൽ ഒരു പ്രത്യേക സേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. ഈ കേന്ദ്രത്തിൽ നിന്ന് നൽകുന്ന സേവനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു വീഡിയോ ദൃശ്യം അബുദാബി മീഡിയ ഓഫീസ് ജൂലൈ 21-ന് ട്വിറ്ററിൽ പങ്ക് വെച്ചിട്ടുണ്ട്.
ഇന്റർനാഷണൽ പാസഞ്ചർ സെന്റർ എന്ന പേരിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. ഈ കേന്ദ്രത്തിലെത്തുന്ന യാത്രികർ ഓരോ അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകേണ്ടതാണ്. റെസിഡൻസി വിസകളിലുള്ളവർക്കും, ടൂറിസ്റ്റുകൾക്കും ഈ നടപടി ബാധകമാണ്.
ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. https://pravasidaily.com/abu-dhabi-updates-green-list-of-covid-19-safe-countries-from-july-13-2021/ എന്ന വിലാസത്തിൽ 2021 ജൂലൈ 13-ന് അബുദാബി പുറത്തിറക്കിയിട്ടുള്ള COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടിക ലഭ്യമാണ്. മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ, കൈകളിൽ ധരിക്കുന്ന ട്രാക്കിംഗ് ഉപകരണം എന്നിവ നിർബന്ധമാണ്.
വിദേശത്ത് നിന്നെത്തുന്നവർക്ക് അബുദാബി നിലവിൽ ബാധകമാക്കിയിട്ടുള്ള ക്വാറന്റീൻ, PCR മാനദണ്ഡങ്ങൾ:
- 2021 ജൂലൈ 19 മുതൽ വിദേശത്ത് നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്കേർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങൾ പ്രകാരം, COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് അബുദാബിയിലെത്തിയ ഉടനെയും, എമിറേറ്റിലെത്തിയ ശേഷം ആറാം ദിനത്തിലും COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്.
- COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർ, ഗ്രീൻ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഏഴു ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്. ഇവർക്ക് അബുദാബിയിലെത്തിയ ഉടനെയും, എമിറേറ്റിലെത്തിയ ശേഷം ആറാം ദിനത്തിലും COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്.
- COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാതെ, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് അബുദാബിയിലെത്തിയ ഉടനെയും, എമിറേറ്റിലെത്തിയ ശേഷം ആറാം ദിനത്തിലും, പന്ത്രണ്ടാം ദിനത്തിലും COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്.
- COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാത്തവർ ഗ്രീൻ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ പന്ത്രണ്ട് ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്. ഇവർക്ക് അബുദാബിയിലെത്തിയ ഉടനെയും, എമിറേറ്റിലെത്തിയ ശേഷം പതിനൊന്നാം ദിനത്തിലും COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്.