അബുദാബി: ജൂലൈ 5 മുതൽ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരുടെ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തുന്നു

featured GCC News

2021 ജൂലൈ 5, തിങ്കളാഴ്ച്ച മുതൽ വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി. ജൂലൈ 4-ന് വൈകീട്ടാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്നവരുടെ വാക്സിനേഷൻ സ്റ്റാറ്റസ് അനുസരിച്ചുള്ള ക്വാറന്റീൻ നടപടികൾ, PCR ടെസ്റ്റിംഗ് നിബന്ധനകൾ എന്നിവയിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. ഈ അറിയിപ്പ് പ്രകാരം വിദേശത്ത് നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്.

COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് ജൂലൈ 5 മുതൽ ബാധകമാകുന്ന യാത്രാ നിർദ്ദേശങ്ങൾ:

  • COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ജൂലൈ 5 മുതൽ ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ആറാം ദിനം മറ്റൊരു COVID-19 PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്.
  • COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ള യാത്രികർ, ഗ്രീൻ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഏഴു ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്. നേരത്തെ ഈ ക്വാറന്റീൻ കാലാവധി അഞ്ച് ദിവസമായിരുന്നു. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ആറാം ദിനം മറ്റൊരു COVID-19 PCR ടെസ്റ്റ് കൂടി നടത്തേണ്ടതാണ്. നേരത്തെ ഈ ടെസ്റ്റ് നാലാം ദിനത്തിലാണ് നടത്തിയിരുന്നത്.

COVID-19 വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത ശേഷം ചുരുങ്ങിയത് 28 ദിവസം പൂർത്തിയാക്കിയ യു എ ഇ പൗരന്മാർ, പ്രവാസികൾ എന്നിവർക്കാണ് ഈ നിബന്ധന ബാധകം. ഇവർക്ക് COVID-19 വാക്സിൻ സ്റ്റാറ്റസ് ‘Alhosn’ ആപ്പിൽ നിർബന്ധമാണ്. COVID-19 സുരക്ഷിത രാജ്യങ്ങളായി കണക്കാക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ ഏറ്റവും പുതുക്കിയ പട്ടിക (2021 ജൂൺ 24-ന് പ്രസിദ്ധീകരിച്ചത്) http://pravasidaily.com/abu-dhabi-updates-green-list-of-covid-19-safe-countries-from-june-24-2021/ എന്ന വിലാസത്തിൽ ലഭ്യമാണ്.

COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടില്ലാത്തവർക്ക് ജൂലൈ 5 മുതൽ ബാധകമാകുന്ന യാത്രാ നിർദ്ദേശങ്ങൾ:

  • COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാതെ, ഗ്രീൻ പട്ടികയിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ജൂലൈ 5 മുതൽ ക്വാറന്റീൻ ആവശ്യമില്ല. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം ആറാം ദിനത്തിലും, പന്ത്രണ്ടാം ദിനത്തിലും വീണ്ടും COVID-19 PCR ടെസ്റ്റുകൾ നടത്തേണ്ടതാണ്.
  • COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാത്തവർ ഗ്രീൻ പട്ടികയിൽ പെടാത്ത രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ പന്ത്രണ്ട് ദിവസം ക്വാറന്റീനിൽ തുടരേണ്ടതാണ്. നേരത്തെ ഈ ക്വാറന്റീൻ കാലാവധി പത്ത് ദിവസമായിരുന്നു. ഇവർക്ക് അബുദാബിയിലെത്തിയ ഉടൻ ഒരു COVID-19 PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർ എമിറേറ്റിലെത്തിയ ശേഷം പതിനൊന്നാം ദിനത്തിൽ മറ്റൊരു COVID-19 PCR ടെസ്റ്റ് നടത്തേണ്ടതാണ്. നേരത്തെ ഈ ടെസ്റ്റ് എട്ടാം ദിനത്തിലാണ് നടത്തിയിരുന്നത്.

ഈ നിബന്ധനകൾ COVID-19 വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാത്ത മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാണ്.