അന്റാർട്ടിക്കയിൽ നിന്ന് കേൾക്കുന്ന വാർത്തകൾ ഒട്ടും ശുഭസൂചകമല്ല. അന്റാർട്ടിക്കയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയായ 20.75C -ആണ് കഴിഞ്ഞ ഞായറാഴ്ച്ച സെയ്മൗർ ഐലൻഡിൽ (Seymour Island) നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സെയ്മൗർ ദ്വീപിൽ പരീക്ഷണത്തിലേർപ്പെട്ടിട്ടുള്ള ബ്രസീലിയൻ ശാസ്ത്രജ്ഞരാണ് ഈ താപനില രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ആദ്യമായാണ് അന്റാർട്ടിക്കയിൽ അന്തരീക്ഷ താപനില 20C -നു മുകളിൽ രേഖപെടുത്തുന്നത്. അന്റാർട്ടിക്കയിൽ നിന്ന് ഇതിനു മുൻപ് രേഖപെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും ഉയർന്ന താപനില 1982 ജനുവരിയിൽ സിഗ്നി ദ്വീപിൽ (Signy Island) നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട 19.8°C ആയിരുന്നു. അന്റാർട്ടിക്കയിലെ കാലാവസ്ഥയിലും പരിസ്ഥിതിയിലും സംഭവിച്ചു കൊണ്ടിരിക്കുന്ന അസ്ഥിരതകളെ കുറിച്ചുള്ള ആശങ്കകളെ ബലപ്പെടുത്തുന്നതാണ് താപനിലയിൽ വന്നിട്ടുള്ള എകദേശം ഒരു ഡിഗ്രിയുടെ വ്യതിയാനം.
കഴിഞ്ഞയാഴ്ചയാണ് (February 6) അന്റാർട്ടിക്കൻ ഉപദ്വീപിന്റെ വടക്കേയറ്റത്ത് നിന്ന് അർജന്റീനയിൽ നിന്നുള്ള ഒരു ശാസ്ത്ര സംഘം 18.3°C എന്ന അന്റാർട്ടിക്കൻ ഉപദ്വീപിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് എന്നതും ആശങ്കകൾക്കിടയാക്കുന്നു. ഈ രണ്ട് താപനിലകളും ലോക കാലാവസ്ഥാ സംഘടന (World Meteorological Organization – WMO) ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും
ശാസ്ത്രജ്ഞർക്കിടയിൽ സെയ്മൗർ ദ്വീപിൽ നിന്ന് രേഖപ്പെടുത്തിയ 20.75C തീർത്തും അസാധാരണവും അമ്പരപ്പിക്കുന്നതുമായ ഒരു പ്രതിഭാസമായാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തിന്റെ മഞ്ഞിന്റെ ഏറ്റവും വലിയ കലവറയായ അന്റാർട്ടിക്കയിലെ മഞ്ഞു പാളികൾ ഉരുകുന്നത് ത്വരിതപ്പെടുന്നു എന്ന ആശങ്കയുണർത്തുന്ന നിരീക്ഷണങ്ങളെ ഈ പ്രതിഭാസങ്ങൾ ശരിവെക്കുന്നതായി ശാസ്ത്രലോകത്ത് അഭിപ്രായങ്ങൾ ഉയർന്ന് കഴിഞ്ഞു.
ലോക കാലാവസ്ഥാ സംഘടനയുടെ നിരിക്ഷണങ്ങൾ അനുസരിച്ച് 1979 മുതൽ 2017 വരെയുള്ള കാലയളവിൽ അന്റാർട്ടിക്കയിലെ മഞ്ഞു പാളികളിൽ നിന്നും ഉരുകി നഷ്ടമാകുന്ന മഞ്ഞിന്റെ നിരക്കിൽ ആറു മടങ്ങ് വർദ്ധനവാണുണ്ടായിട്ടുള്ളത്. കണക്കുകൾ പ്രകാരം കഴിഞ്ഞ അമ്പത് വർഷത്തിനിടെ ലോകത്ത് ഏറ്റവും വേഗത്തിൽ ചൂട് കൂടുന്ന ഇടമായി അന്റാർട്ടിക്കൻ ഉപദ്വീപ് മാറുന്നതും ഇതിനോട് കൂട്ടിവായിക്കുമ്പോൾ, ഇപ്പോളുള്ള ഈ അസധാരണമായ താപനിലയിലുള്ള വർദ്ധനവ് വരാനിരിക്കുന്ന പരിസ്ഥിതിമാറ്റങ്ങളെ കുറിച്ച് നമ്മൾ ചിന്തിക്കേണ്ടതിന്റെ പ്രാധാന്യത്തെ അടിവരയിട്ട് കാണിക്കുന്നു. ഏതാണ്ട് 3°C -ന്റെ വർദ്ധനവാണ് കഴിഞ്ഞ അമ്പത് വർഷത്തിനിടെ അന്റാർട്ടിക്കൻ ഉപദ്വീപിലുണ്ടായിട്ടുള്ളത്.
1 thought on “അസാധാരണമായ ചൂട് രേഖപ്പെടുത്തി അന്റാർട്ടിക്ക”
Comments are closed.