COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ഗൾഫ് പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. ഈ തീരുമാനത്തിന് കുവൈറ്റ് സർക്കാർ അംഗീകാരം നൽകിയിരുന്നു.
ഫൈസർ, മോഡർന, ആസ്ട്രസെനേക എന്നീ വാക്സിനുകളുടെ രണ്ട് ഡോസുകളോ, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനിന്റെ ഒരു ഡോസോ എടുത്തവർക്കാണ് ഇത്തരത്തിൽ പ്രവേശനം നൽകുന്നത്. ഇത്തരത്തിൽ പ്രവേശിക്കുന്നവർ കുവൈറ്റിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർ ഫോണുകളിൽ കുവൈറ്റ് മുസാഫിർ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും, വാക്സിനേഷൻ സംബന്ധമായതും, മറ്റു യാത്രാ രേഖകളും ഈ ആപ്പിലൂടെ അപ്‌ലോഡ് ചെയ്യുകയും വേണം.
അതേസമയം, ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്കുകൾ തുടരുകയാണ്. കുവൈറ്റിലേക്ക് തിരികെ മടങ്ങാനാകാതെ ഇന്ത്യയിൽ തുടരുന്ന പ്രവാസികളുടെ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് സംബന്ധമായ സംശയങ്ങളുമായി ബന്ധപ്പെട്ട് കുവൈറ്റിലെ ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിരുന്നു.