യു എ ഇ: ദുബായ് വിസകളിലുള്ളവർക്ക് മാത്രമാണ് ദുബായ് എയർപോർട്ടിലൂടെ പ്രവേശനം അനുവദിക്കുന്നതെന്ന് എമിറേറ്റ്സ്

featured GCC News

സാധുതയുള്ള ദുബായ് റെസിഡൻസി വിസകളിലുള്ള, GDRFA-യിൽ നിന്ന് പ്രവേശനാനുമതി നേടിയിട്ടുള്ളവർക്ക് മാത്രമാണ് നിലവിൽ ഇന്ത്യയിൽ നിന്ന് ദുബായ് എയർപോർട്ടിലൂടെ പ്രവേശനം അനുവദിക്കുന്നതെന്ന് എമിറേറ്റ്സ് എയർലൈൻ വ്യക്തമാക്കി. മറ്റു എമിറേറ്റുകളിൽ നിന്നുള്ള വിസകളിലുള്ളവർക്ക് ദുബായ് എയർപോർട്ടിലൂടെ യു എ ഇയിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്നും എമിറേറ്റ്സ് എയർലൈൻ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രകൾ സംബന്ധിച്ച് ഒരു യാത്രികൻ ഉന്നയിച്ച സംശയത്തിന് മറുപടിയായാണ് എമിറേറ്റ്സ് കസ്റ്റമർ സർവീസ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. “നിലവിൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് ദുബായ് റെസിഡൻസി വിസകളിലുള്ളവർക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്.”, ഓഗസ്റ്റ് 13-ന് രാത്രി നൽകിയ മറുപടിയിൽ എമിറേറ്റ്സ് കസ്റ്റമർ സർവീസ് വ്യക്തമാക്കുന്നു.

ദുബായിലേക്ക് യാത്ര ചെയ്യുന്നതിന് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും എമിറേറ്റ്സ് കസ്റ്റമർ സർവീസ് അറിയിച്ചിട്ടുണ്ട്. “ദുബായിലേക്ക് യാത്ര ചെയ്യുന്നതിന് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാൽ ദുബായിലേക്കുള്ള പ്രവേശനം GDRFA മുൻ‌കൂർ അനുമതിയുള്ള ദുബായ് വിസക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ എന്നീ വിഭാഗങ്ങൾക്ക് നിലവിൽ പ്രവേശനാനുമതിയില്ല.”, ഓഗസ്റ്റ് 13-ന് രാത്രി മറ്റൊരു ഉപഭോക്താവിന് നൽകിയ മറുപടിയിൽ എമിറേറ്റ്സ് കസ്റ്റമർ സർവീസ് അറിയിച്ചു.

അതേസമയം, പുതിയ റെസിഡൻസി വിസകളിലുള്ളവർക്ക് ദുബായിലേക്ക് നിലവിൽ യാത്രാനുമതിയില്ലെന്നും എമിറേറ്റ്സ് കസ്റ്റമർ സർവീസ് വിഭാഗം അറിയിച്ചിട്ടുണ്ട്.

“പുതിയ റെസിഡൻസി വിസകളിലുള്ള യാത്രികർക്ക് നിലവിൽ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് അനുമതിയില്ല. ഈ തീരുമാനത്തിൽ ഭാവിയിൽ മാറ്റം വരാവുന്നതാണ്.”, ഓഗസ്റ്റ് 13-ന് വൈകീട്ട് ഒരു ഉപഭോക്താവിന് നൽകിയ മറുപടിയിൽ എമിറേറ്റ്സ് കസ്റ്റമർ സർവീസ് വ്യക്തമാക്കുന്നു.

ദുബായ് റെസിഡൻസി വിസകളിലുള്ള, GDRFA അനുമതിയുള്ള യാത്രികർക്ക് മാത്രമാണ് ദുബായ് എയർപോർട്ടിലൂടെ യു എ ഇയിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് നേരത്തെ അറിയിച്ചിരുന്നു.

ദുബായ് റെസിഡൻസി വിസകളിലുള്ള യാത്രികർക്ക് തങ്ങളുടെ വിമാനങ്ങളിൽ അബുദാബിയിലേക്ക് യാത്ര ചെയ്യാമെന്ന് ഇത്തിഹാദ് ഓഗസ്റ്റ് 10-ന് അറിയിച്ചിരുന്നു.