യു എ ഇ പ്രൊഫഷണൽ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന വേദികളിൽ അറുപത് ശതമാനം ശേഷിയിൽ കാണികളെ അനുവദിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. യു എ ഇ ഫുട്ബോൾ അസോസിയേഷൻ, നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി എന്നിവരുമായി സംയുക്തമായാണ് യു എ ഇ പ്രൊ ലീഗ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 15-ന് വൈകീട്ടാണ് യു എ ഇ പ്രൊ ലീഗ് ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം, 2021-2022 സീസണിലെ അഡ്‌നോക് പ്രൊ ലീഗ്, പ്രൊ ലീഗ് കപ്പ്, യു എ ഇ സൂപ്പർ കപ്പ് മത്സരങ്ങൾ എന്നിവ നടക്കുന്ന ഓരോ മൈതാനങ്ങളിലും പരമാവധി 60 ശതമാനം വരെ കാണികൾക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതാണ്.
ഇത്തരത്തിൽ മത്സരവേദികളിലെത്തുന്ന കാണികൾക്ക് ഏർപ്പെടുത്തുന്ന മാനദണ്ഡങ്ങളും അധികൃതർ അറിയിച്ചിട്ടുണ്ട്:
- ആറ് മാസത്തിനുള്ളിൽ COVID-19 രണ്ടാം ഡോസ് വാക്സിനെടുത്തവരോ, ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ്) വാക്സിനെടുത്തവരോ ആയ കാണികൾക്കാണ് മത്സരങ്ങൾ നടക്കുന്ന വേദികളിൽ പ്രവേശിക്കുന്നതിന് അനുമതി നൽകുന്നത്. ഇവർക്ക് Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉണ്ടായിരിക്കണം.
- COVID-19 വാക്സിൻ ട്രയലിൽ പങ്കെടുത്തവർക്ക് (Alhosn ആപ്പിൽ ഗോൾഡ് സ്റ്റാർ ഉണ്ടായിരിക്കണം) പ്രവേശിക്കാവുന്നതാണ്.
- മേൽപ്പറഞ്ഞ വിഭാഗങ്ങളിൽപ്പെടുന്നവർ മത്സര ദിവസത്തിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
- പതിനാറ് വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് ഇത്തരത്തിൽ പ്രവേശനം അനുവദിക്കുന്നത്. പതിനാറ് വയസിന് താഴെ പ്രായമുള്ളവർക്ക് ഇത്തരം വേദികളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
- കാണികളായെത്തുന്ന മുഴുവൻ പേർക്കും മാസ്ക്, സമൂഹ അകലം തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ ബന്ധകമാണ്.
- എല്ലാ കാണികളുടെയും ശരീരോഷ്മാവ് പരിശോധിക്കുന്നതാണ്.
- കാണികൾക്ക് തങ്ങൾക്ക് അനുവദിച്ചിട്ടുള്ള സീറ്റിൽ നിന്ന് അനാവശ്യമായി എഴുന്നേറ്റ് നടക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ല.
Inputs from WAM. Cover Photo: @AGLeague_EN