അബുദാബി: വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും COVID-19 വാക്സിൻ ലഭ്യമാക്കുന്നതിനായി പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു

UAE

എമിറേറ്റിലെ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും COVID-19 വാക്സിൻ ലഭ്യമാക്കുന്നതിനായി അബുദാബിയിലും, അൽ ഐനിലും രണ്ട് പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. മിന സായിദ് വാക്സിനേഷൻ സെന്റർ, അൽ ഐൻ കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും പ്രത്യേകമായുള്ള വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

2021 ഓഗസ്റ്റ് 17 മുതൽ ഒക്ടോബർ 31 വരെ പ്രവർത്തിപ്പിക്കുന്ന രീതിയിലാണ് വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും വാക്സിൻ നൽകുന്നതിനുള്ള ഈ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്. ഈ വാക്-ഇൻ കേന്ദ്രങ്ങളിൽ നിന്ന് 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ, അധ്യാപകർ മറ്റു സ്‌കൂൾ ജീവനക്കാർ എന്നിവർക്ക് നേരിട്ടെത്തി COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാവുന്നതാണ്.

2021 സെപ്റ്റംബറിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിന്റെ മുന്നോടിയായി വിദ്യാലയങ്ങളിലെത്തുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് ഈ പുതിയ കേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നത്. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (Adek), അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH), അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC), അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) എന്നിവർ സംയുക്തമായാണ് ഈ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നത്.

2021 ഓഗസ്റ്റ് 17 മുതൽ ഒക്ടോബർ 31 വരെ അബുദാബിയിലെ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും വാക്സിൻ നൽകുന്നതിനായി ആരംഭിച്ചിട്ടുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ:

  • മിന സായിദ് വാക്സിനേഷൻ സെന്ററിലെ ഗ്രീൻ ഹാളിൽ പ്രവർത്തിക്കുന്ന കേന്ദ്രം – രാവിലെ 8 മണിമുതൽ രാത്രി 8 മണിവരെ.
  • അൽ ഐൻ കൺവെൻഷൻ സെന്ററിലെ ഗ്രീൻ ഹാളിൽ പ്രവർത്തിക്കുന്ന കേന്ദ്രം – രാവിലെ 8 മണിമുതൽ രാത്രി 8 മണിവരെ.

സിനോഫാം, ഫൈസർ ബയോഎൻടെക് വാക്സിനുകളുടെ ഒന്നാം ഡോസ്, രണ്ടാം ഡോസ്, ബൂസ്റ്റർ ഡോസ് എന്നീ കുത്തിവെപ്പുകൾ ഈ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണ്. ഈ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ ലഭിക്കുന്നതിന് മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ലെന്നും, 12 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ, അധ്യാപകർ മറ്റു സ്‌കൂൾ ജീവനക്കാർ എന്നിവർക്ക് നേരിട്ടെത്തി വാക്സിനെടുക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 18 വയസിന് താഴെ പ്രായമുള്ള കുട്ടികൾ രക്ഷിതാവിനോടോപ്പമായിരിക്കണം (ഒരാൾ മാത്രം) വാക്സിനേഷൻ കേന്ദ്രത്തിലെത്തേണ്ടത്.

ഈ വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർക്ക് താഴെ പറയുന്ന രേഖകൾ ആവശ്യമാണ്:

വിദ്യാർഥികൾ:

  • എമിറേറ്റിലെ നിവാസികളായ വിദ്യാർത്ഥികൾക്ക് എമിറേറ്റ്സ് ഐഡി, സ്റ്റുഡൻറ് ഐ ഡി എന്നിവ ഉപയോഗിച്ച് കൊണ്ട് ഈ കേന്ദ്രത്തിൽ നിന്ന് വാക്സിൻ സ്വീകരിക്കാവുന്നതാണ്.
  • എല്ലാ വിദ്യാർത്ഥികൾക്കും AlHosn ആപ്പിൽ ഗ്രീൻ അല്ലെങ്കിൽ ഗ്രേ സ്റ്റാറ്റസ് നിർബന്ധമാണ്.
  • എമിറേറ്റിലെ സ്‌കൂളുകളിലെ പുതിയ വിദ്യാർത്ഥികൾ തങ്ങളുടെ പാസ്സ്‌പോർട്ട്, UID അടങ്ങിയ എൻട്രി പെർമിറ്റ്, സ്‌കൂളിൽ ചേർന്നതിന്റെ രേഖ എന്നിവ കൈവശം കരുതേണ്ടതാണ്.

അധ്യാപകർ, മറ്റു സ്‌കൂൾ ജീവനക്കാർ:

  • എമിറേറ്റിലെ നിവാസികളായ ജീവനക്കാർക്ക് എമിറേറ്റ്സ് ഐഡി, എംപ്ലോയീ ഐ ഡി എന്നിവ ഉപയോഗിച്ച് കൊണ്ട് ഈ കേന്ദ്രത്തിൽ നിന്ന് വാക്സിൻ സ്വീകരിക്കാവുന്നതാണ്.
  • അധ്യാപകർ, മറ്റു സ്‌കൂൾ ജീവനക്കാർ എന്നിവർക്ക് AlHosn ആപ്പിൽ ഗ്രീൻ അല്ലെങ്കിൽ ഗ്രേ സ്റ്റാറ്റസ് നിർബന്ധമാണ്.
  • എമിറേറ്റിലെ സ്‌കൂളുകളിലെ പുതിയ ജീവനക്കാർ തങ്ങളുടെ പാസ്സ്‌പോർട്ട്, UID അടങ്ങിയ എൻട്രി പെർമിറ്റ്, സ്‌കൂളിൽ ജോലി ലഭിച്ചതിന്റെ രേഖ എന്നിവ കൈവശം കരുതേണ്ടതാണ്.