ഒമാൻ: ദോഫർ ഗവർണറേറ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി 6 ബില്യൺ റിയാലിന്റെ പദ്ധതി തയ്യാറാക്കുന്നതായി ടൂറിസം വകുപ്പ്

Oman

ദോഫർ ഗവർണറേറ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി ഒരു ഔദ്യോഗിക പദ്ധതി തയ്യാറാക്കി വരുന്നതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം വ്യക്തമാക്കി. വരും വർഷങ്ങളിൽ ഏതാണ്ട് 6 ബില്യൺ റിയാലിന്റെ നിക്ഷേപ പദ്ധതികളാണ് ഇതുമായി ബന്ധപ്പെട്ട് മേഖലയിൽ നടപ്പിലാക്കാൻ പോകുന്നതെന്ന് ഒമാൻ ടൂറിസം വകുപ്പ് മന്ത്രി H.E. സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി അറിയിച്ചു.

ദോഫർ ഗവർണറേറ്റിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരെയും, ഗവർണറേറ്റിലെ വാണിജ്യ സമൂഹത്തെയും പങ്കെടുപ്പിച്ച് കൊണ്ട് ഓഗസ്റ്റ് 17-ന് നടന്ന ഒരു യോഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. സലാലയിലെ ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ആസ്ഥാനത്ത് നടന്ന ഈ യോഗത്തിൽ മേഖലയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളുടെ ഭാരവാഹികൾ, ടൂർ ഓപ്പറേറ്റർമാർ, നിക്ഷേപകർ തുടങ്ങിയവർ പങ്കെടുത്തു.