2021 സെപ്റ്റംബർ 1 മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥ ഏർപ്പെടുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചു. ഒമാനിലേക്കുള്ള എല്ലാ കര, കടൽ അതിർത്തികളിലൂടെയും, വിമാനത്താവളങ്ങളിലൂടെയും വിദേശത്ത് നിന്ന് പ്രവേശിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും 2021 സെപ്റ്റംബർ 1 മുതൽ ഈ നിബന്ധന ബാധകമാക്കുന്നതിനാണ് സുപ്രീം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 19-ന് വൈകീട്ട് ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഒമാൻ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചതിന്റെ ഔദ്യോഗിക രേഖകൾ ഹാജരാക്കേണ്ടി വരുന്നതാണ്.
ഇതിന് പുറമെ, രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുൻപോ, വിമാനത്താവളത്തിലെത്തിയ ശേഷമോ ഒരു PCR ടെസ്റ്റ് നിർബന്ധമാക്കുന്നതിനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഈ പരിശോധനകളിൽ രോഗം സ്ഥിരീകരിക്കുന്നവർക്ക് 7 ദിവസത്തെ ക്വാറന്റീൻ, എട്ടാം ദിവസം മറ്റൊരു PCR ടെസ്റ്റ് എന്നിവയും നിർബന്ധമാക്കുന്നതാണ്.
2021 സെപ്റ്റംബർ 1 മുതൽ രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങിയ ഏതാനം ഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി നിയന്ത്രിക്കുന്നതിനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.