രാജ്യത്തെ സ്വദേശിവത്കരണ പരിപാടികളിലൂടെ 2021-ൽ സൗദി പൗരന്മാർക്കായി ഏതാണ്ട് രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് സൗദി ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) വ്യക്തമാക്കി. ഇത്തരത്തിൽ 213000 പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നതിനാണ് 2021-ൽ HRSD ലക്ഷ്യംവെക്കുന്നത്.
അൽ ജൗഫ് മേഖലയിലെ സംരംഭകരേയും, ചേംബർ ഓഫ് കോമേഴ്സ് അംഗങ്ങളെയും അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയിൽ സെപ്റ്റംബർ 5-ന് HRSD വകുപ്പ് മന്ത്രി അഹ്മദ് അൽ രജ്ഹിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാണിജ്യ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനായി ഡിജിറ്റൽ മാർഗങ്ങൾ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഡിജിറ്റൽ മാർഗങ്ങൾ ഏർപ്പെടുത്തിയതോടെ ലേബർ ഓഫീസുകളിൽ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ പ്രതിദിനം ഏതാണ്ട് 21000-ത്തോളം ഇടപാടുകൾ നടക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് സംവിധാനങ്ങൾ അവലംബിക്കുന്നതിന് മുൻപ് പ്രതിദിനം കേവലം 700 ഇടപാടുകൾ എന്ന രീതിയിലാണ് ലേബർ ഓഫീസുകൾ പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിതാഖത്ത് പദ്ധതിയുടെ ഭാഗമായി കൂടുതൽ സൗദി പൗരന്മാരെ വാണിജ്യ മേഖലയിലെ തൊഴിലുകളിലേക്ക് ആകർഷിക്കാനായതായും അദ്ദേഹം അറിയിച്ചു.