സൗദി: പന്ത്രണ്ട് വയസിന് താഴെ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്തെ പന്ത്രണ്ട് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ പുരോഗമിക്കുന്നതായി മന്ത്രാലയം കൂട്ടിച്ചേർത്തു.

സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദാലിയെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദി ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള വാക്സിനുകൾ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ളവർക്ക് നൽകുന്നതിന്റെ സഫലത, സുരക്ഷ എന്നിവ സംബന്ധിച്ച്‌ അന്തർദേശീയ തലത്തിലുള്ള പഠനങ്ങൾ പുരോഗമിക്കുന്നതായി ഡോ. മുഹമ്മദ് അൽ അബ്ദാലി വ്യക്തമാക്കിയിട്ടുണ്ട്.

ഈ പഠനങ്ങളിൽ നിന്നുളള റിപ്പോർട്ടുകൾ രാജ്യത്തെ അധികൃതർ പരിശോധിച്ച ശേഷം ഈ പ്രായവിഭാഗങ്ങൾക്ക് വാക്സിൻ നൽകുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, രോഗപ്രതിരോധ ശേഷി സംബന്ധമായ ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് COVID-19 വാക്സിന്റെ മൂന്നാം ഡോസ് ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വൃക്ക സംബന്ധമായ ഗുരുതരമായ രോഗങ്ങളുള്ളവർ, അവയവമാറ്റ ശസ്ത്രക്രിയകൾക്ക് വിധേയരായവർ തുടങ്ങിയ വിഭാഗങ്ങൾക്ക് മൂന്നാമതൊരു ഡോസ് വാക്സിൻ ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. COVID-19 രോഗബാധയുമായി ബന്ധപ്പെട്ട് രോഗബാധിതരിൽ ദീർഘകാലത്തേക്ക് ഉടലെടുക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത് വളരെ പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.