സൗദി: ഒരു മാസത്തിനിടയിൽ 6000 വിദേശ തീർത്ഥാടകർക്ക് ഉംറ വിസകൾ അനുവദിച്ചതായി ഹജ്ജ് മന്ത്രാലയം

GCC News

ഹിജ്‌റ പുതുവർഷത്തിന് ശേഷം ഒരു മാസത്തിനിടയിൽ വിദേശ തീർത്ഥാടകർക്ക് 6000 ഉംറ വിസകൾ അനുവദിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കർശനമായ സുരക്ഷാ മുൻകരുതലുകളോടെ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ ഉംറ അനുഷ്ഠിക്കുന്നതിനായി സൗദിയിലെത്തിയതായി ഹജ്ജ്, ഉംറ വകുപ്പ് അസിസ്റ്റന്റ് ഡെപ്യൂട്ടി മിനിസ്റ്റർ എൻജിനീയർ ഹിഷാം സയീദ് അറിയിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ അധികൃതർ മുന്നോട്ട് വെച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം തയ്യാറാക്കിയിട്ടുള്ള ഒരു സുരക്ഷിത ഉംറ പദ്ധതി അടിസ്ഥാനമാക്കിയാണ് മന്ത്രാലയം തീർത്ഥാടനം നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സൗദി ഉംറ കമ്പനികൾ തീർത്ഥാടകർക്കായി ഏറ്റവും മികച്ച സേവനങ്ങളാണ് നൽകുന്നതെന്ന് ഉറപ്പ് വരുത്തുന്നതിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. തീർത്ഥാടകർക്കുള്ള താമസ സേവനങ്ങൾ, യാത്രാ സൗകര്യങ്ങൾ, സമയബന്ധിതമായി തീർത്ഥാടനം നിർവഹിക്കുന്നതിനുള്ള പിന്തുണ മുതലായവ സുരക്ഷാ മുൻകരുതലുകളോടെ ലഭിക്കുന്നുണ്ടെന്ന് മന്ത്രാലയം ഉറപ്പ് വരുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർ, സൗദിയിലേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂറിനു മുൻപെങ്കിലും, തങ്ങളുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് മുഖീം (Muqeem) പോർട്ടലിലൂടെ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

സന്ദർശക വിസകളിലും, ടൂറിസ്റ്റ് വിസകളിലും രാജ്യത്തേക്ക് പ്രവേശിച്ചിട്ടുള്ളവർക്ക് ഏതാനം നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ട് ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകുമെന്ന് മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത്തരം വിസകളിൽ സൗദിയിലെത്തുന്ന ഇസ്ലാം മതവിശ്വാസികൾക്ക് ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളിലൂടെ ഉംറ പെർമിറ്റുകൾക്ക് അപേക്ഷിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

പ്രതിദിനം ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകിയിരിക്കുന്ന തീർത്ഥാടകരുടെ എണ്ണം സെപ്റ്റംബർ 9, വ്യാഴാഴ്ച്ച മുതൽ എഴുപതിനായിരമാക്കി ഉയർത്തിയതായി സൗദി ഹജ്ജ് ആൻഡ് ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Cover Image: Saudi Press Agency.