അബുദാബി: COVID-19 രോഗവ്യാപനം നിയന്ത്രണ വിധേയം; പരിശോധനകളിൽ 0.2% പേരിൽ മാത്രം രോഗബാധ

featured GCC News

എമിറേറ്റിലെ COVID-19 രോഗവ്യാപനത്തിന്റെ നിരക്ക് കുറഞ്ഞതായും, നിലവിൽ ആകെ നടത്തിയ ടെസ്റ്റുകളുടെ 0.2 ശതമാനം മാത്രമാണിതെന്നും അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി സ്ഥിരീകരിച്ചു. എമിറേറ്റിലുടനീളം നടപ്പിലാക്കിയ വ്യാപകമായ COVID-19 പരിശോധനകളും, പ്രതിരോധ നടപടികളും രോഗവ്യാപനത്തിന്റെ തോത് നിയന്ത്രിക്കാൻ വളരെയധികം സഹായിച്ചതായി കമ്മിറ്റി കൂട്ടിച്ചേർത്തു.

എമിറേറ്റിൽ ആകെ നടപ്പിലാക്കിയ ടെസ്റ്റുകളിൽ 0.2% പേരിൽ മാത്രമാണ് രോഗബാധ സ്ഥിരീകരിക്കുന്നതെന്നത് ഈ മുൻകരുതൽ നടപടികളുടെ ഫലപ്രാപ്തി വെളിവാക്കുന്നതാണ്. എമിറേറ്റിലെ ദ്രുതഗതിയിലുള്ള വാക്സിനേഷൻ നടപടികൾ, വ്യാപകമായ ടെസ്റ്റിംഗ് പരിപാടികൾ, കൃത്യമായ സമ്പർക്കപ്പട്ടിക തയ്യാറാക്കിയുള്ള പ്രതിരോധ നടപടികൾ എന്നിവയാണ് ഈ നിയന്ത്രണം സാധ്യമാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

എമിറേറ്റിലെ എല്ലാ സുപ്രധാന പൊതു മേഖലകളിലും ഏർപ്പെടുത്തിയിട്ടുള്ള ഗ്രീൻ പാസ് അധിഷ്ഠിത മുൻകരുതൽ നിർദ്ദേശങ്ങളും രോഗവ്യാപനത്തിന്റെ തോത് നിയന്ത്രിക്കുന്നു. ഇതിന് പുറമെ EDE സ്കാനറുകൾ പോലുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗം, COVID-19 സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾക്കെതിരെയുള്ള കർശനമായ നടപടികൾ എന്നിവ അബുദാബിയിലെ രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിൽ സഹായകമായിട്ടുണ്ട്.