മേഖലയിലെ ഏറ്റവും ജനപ്രിയമായ സിനിമാ, കോമിക് സമ്മേളനമായ ‘മിഡിൽ ഈസ്റ്റ് ഫിലിം ആൻഡ് കോമിക് കോൺ’ (MEFCC) 2022 മാർച്ച് മാസത്തിൽ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു. ഇതാദ്യമായാണ് ഈ കൺവെൻഷൻ അബുദാബിയിലെത്തുന്നത്.
MEFCC-യുടെ പത്താമത് പതിപ്പ് DCT-യുമായി ചേർന്ന് ഇൻഫോർമയാണ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 19-നാണ് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
“ഇതാദ്യമായി മിഡിൽ ഈസ്റ്റ് ഫിലിം ആൻഡ് കോമിക് കോൺ അബുദാബിയിലെത്തിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ജനപ്രിയമായ സിനിമകൾ, കോമിക് എന്നിവയുടെ പ്രേമികൾക്ക് ഇതുമായി ബന്ധപ്പെട്ട ഒരു മികച്ച അനുഭവമായിരിക്കും MEFCC. ആരാധകരെ വിസ്മയാവഹമായ ആവേശത്തിലാഴ്ത്തുന്നതിന് ഈ കൺവെൻഷൻ കാരണമാകുമെന്ന് ഉറപ്പാണ്. 2022-ലേക്കായി അബുദാബി കാത്ത് വെച്ചിരിക്കുന്ന മികച്ച പരിപാടികളിലൊന്നാണ് MEFCC. ആഗോളതലത്തിൽ കോമിക് കോൺ കുടുംബത്തിന്റെ ഭാഗമാകുന്നത് വലിയ ഒരു ബഹുമതിയായി ഞങ്ങൾ കരുതുന്നു. “, DCT ടൂറിസം ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ H.E. അലി ഹസൻ അൽ ഷൈബ വ്യക്തമാക്കി.
മാർച്ച് 2022-ൽ മൂന്ന് ദിവസങ്ങളിലായാണ് മിഡിൽ ഈസ്റ്റ് ഫിലിം ആൻഡ് കോമിക് കോൺ സംഘടിപ്പിക്കുന്നത്. അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ച് സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തിൽ അന്താരാഷ്ട്ര സിനിമാ മേഖലയിലെ പ്രമുഖർ, വെള്ളിത്തിരയിലെ നായകർ, സ്ട്രീമിങ്ങ് മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. സംവാദങ്ങൾ, അഭിമുഖങ്ങൾ, ആവേശമുണർത്തുന്ന മറ്റു പരിപാടികൾ എന്നിവയും ഈ മേളയുടെ ഭാഗമാണ്.
“ADNEC-ൽ വെച്ച് ഈ സമ്മേളനം സംഘടിപ്പിക്കുന്നത് ആഗോളതലത്തിലെ ഏറ്റവും മികച്ച പ്രദർശനങ്ങളെ അബുദാബിയിലേക്ക് ആകർഷിക്കുന്നത് ലക്ഷ്യമിട്ട് ഞങ്ങൾ നടപ്പിലാക്കുന്ന തന്ത്രപ്രധാനമായ ദൗത്യങ്ങളുടെ വിജയമാണ്. മേഖലയിലെ വാണിജ്യ, വിനോദസഞ്ചാരമേഖലകളുടെ മുൻപന്തിയിലെ ഞങ്ങളുടെ സ്ഥാനം ഉറപ്പാക്കുന്നതാണ് ഈ നേട്ടം.”, ADNEC ചീഫ് കൊമേർഷ്യൽ ഓഫീസർ ഖലീഫ അൽ ഖുബൈസി അറിയിച്ചു. “അബുദാബി DCT, ഇൻഫോർമ എന്നിവരുമായി ചേർന്ന് നടത്തുന്ന ഈ സമ്മേളനം ADNEC-ൽ വെച്ച് സംഘടിപ്പിക്കുന്നത്, ഇത്തരം പ്രദർശനങ്ങൾ സുരക്ഷിതവും, ആത്മവിശ്വാസം ഉണർത്തുന്നതുമായ രീതിയിൽ സംഘടിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ സാങ്കേതിക മികവ്, വൈദഗ്ധ്യം എന്നിവയ്ക്ക് അടിവരയിടുന്നു.”, അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു പതിറ്റാണ്ടായി മേഖലയിലെ ഏറ്റവും ജനപ്രിയമായ പരിപാടികളിലൊന്നാണ് മിഡിൽ ഈസ്റ്റ് ഫിലിം ആൻഡ് കോമിക് കോൺ. കുടുംബങ്ങളായെത്തുന്ന സന്ദർശകർക്കുൾപ്പടെ ഒരു ഉത്സവപ്രതീതി നൽകുന്ന ഈ സമ്മേളനം, സിനിമാ മേഖലയിലെ പ്രാദേശിക, ആഗോള താരങ്ങളെ അടുത്തറിയുന്നതിനും, നിരവധി കലാപരിപാടികൾ, ഘോഷയാത്രകൾ എന്നിവ ആസ്വദിക്കുന്നതിനും അവസരമൊരുക്കുന്നു.
കർശനമായ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് MEFCC സംഘടിപ്പിക്കുന്നതെന്ന് ഇൻഫോർമ വ്യക്തമാക്കിയിട്ടുണ്ട്. https://www.mefcc.com/en/homepage.html എന്ന വിലാസത്തിൽ നിന്ന് MEFCC-യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്.