ഒമാൻ: COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൗരന്മാരോടും, പ്രവാസികളോടും ആരോഗ്യ വകുപ്പ് ആഹ്വാനം ചെയ്തു

GCC News

രാജ്യത്ത് പുതിയ രോഗബാധിതരുടെ എണ്ണം ദിനംപ്രതി കുറയുന്നുണ്ടെങ്കിലും, പൊതുസമൂഹം ജാഗ്രത തുടരേണ്ടതുണ്ടെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി ചൂണ്ടിക്കാട്ടി. രാജ്യത്തേർപ്പെടുത്തിയിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം ഒമാനിലെ പൗരന്മാരോടും, പ്രവാസികളോടും ആഹ്വാനം ചെയ്തു.

ഒമാനിലെ COVID-19 സാഹചര്യം നിലവിൽ വളരെയധികം മെച്ചപ്പെട്ടതായും, പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതായും അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജാഗ്രത തുടരേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തിയത്.

COVID-19 സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ രാജ്യത്തെ ജനങ്ങൾ പുലർത്തുന്ന ഉത്തരവാദിത്വബോധമാണ് നിലവിൽ രോഗവ്യാപനം കുറയുന്നതിന് ഇടയാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ദിനംപ്രതി കൂടുതൽ പേർ COVID-19 വാക്സിൻ കുത്തിവെപ്പുകൾ എടുക്കുന്നതും രോഗവ്യാപനം തടയുന്നതിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ജാഗ്രത കൈവെടിയരുതെന്നും, മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ അശ്രദ്ധ വരുത്തുന്നത് വീണ്ടും രോഗവ്യാപനം രൂക്ഷമാകുന്നതിന് ഇടയാക്കുമെന്നും അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മഹാമാരി രൂക്ഷമായിരുന്ന നാളുകളിലേക്ക് തിരികെ പോകുന്ന ഒരു അവസ്ഥ ഒമാനിൽ ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ.ടെഡ്രോസ് അധനോം ഗെബ്രെയേസുസിന്റെ ഒമാൻ സന്ദർശനത്തിന്റെ അവസരത്തിൽ, രാജ്യത്തെ കൊറോണ വൈറസ് സാഹചര്യം അസാധാരണമായ രീതിയിൽ മെച്ചപ്പെട്ടതായും, രോഗവ്യാപനം, മരണനിരക്ക്, ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരുടെ എണ്ണം എന്നിവ കുറഞ്ഞതായും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചിരുന്നു.