സന്ദർശകർക്കായി എക്സ്പോ 2020 ദുബായ് അതിന്റെ ഔദ്യോഗിക സന്ദർശക ആപ്പും, ബിസിനസ് കേന്ദ്രീകൃത ആപ്പും പുറത്തിറക്കി. 2021 ഒക്ടോബർ 1 മുതൽ എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്ന ദശലക്ഷക്കണക്കിന് സന്ദർശകർക്ക് 182 ദിവസം നീണ്ട് നിൽക്കുന്ന ഈ പ്രദർശനം പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനായാണ് ഈ ആപ്പുകൾ പുറത്തിറക്കിയിരിക്കുന്നത്.
ഈ ഔദ്യോഗിക ആപ്പുകളിലൂടെ എക്സ്പോ 2020 സന്ദർശിക്കുന്നവർക്ക് തങ്ങളുടെ വ്യക്തിഗത താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ ഇവന്റുകളുടെയും ആകർഷണങ്ങളുടെയും ഒരു വ്യക്തിഗത ഷെഡ്യൂൾ സൃഷ്ടിക്കുന്നതിന് അവസരം ലഭിക്കുന്നതാണ്. മൊണാക്കോയുടെ ഇരട്ടി വലിപ്പമുള്ള എക്സ്പോ 2020 വേദിയിലെ സന്ദർശനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് ഇത് സഹായകമാണ്.
ഇതിനു പുറമെ, സന്ദർശകർക്ക് ടിക്കറ്റ് വാങ്ങുന്നതിനും, 200-ലധികം ഡൈനിംഗ് ഓപ്ഷനുകളും, പ്രത്യേക പ്രമേയങ്ങളിലൂന്നിയുള്ള പാചക പരിപാടികളും തിരഞ്ഞെടുക്കാനും, ക്യൂ ഒഴിവാക്കുന്നതിനായി എക്സ്പോ 2020-ന്റെ ഇന്റലിജന്റ് സ്മാർട്ട് ക്യൂ സിസ്റ്റത്തിലൂടെ റിസർവേഷനുകൾ നിയന്ത്രിക്കാനും സാധിക്കുന്നതാണ്. ഇതിലൂടെ അതിഥികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ഒരു പവലിയൻ സന്ദർശിക്കാൻ സൗകര്യപ്രദമായ സമയ സ്ലോട്ട് റിസർവ് ചെയ്യാൻ അവസരം ലഭിക്കുന്നു.
എക്സ്പോ 2020-ന്റെ ഔദ്യോഗിക ഡിജിറ്റൽ സേവന പങ്കാളിയായ ആക്‌സെഞ്ചറുമായി സഹകരിച്ച് വികസിപ്പിച്ച ഈ ആപ്പ് ആപ്പ് സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ പ്ലേ വഴി ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. ഇതിലൂടെ സന്ദർശകർക്ക് ഒരു എക്സ്പോ 2020 അക്കൗണ്ട് സൃഷ്ടിക്കാനും, അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ലിങ്ക് ചെയ്യാനും, ജിപിഎസ് സംവിധാനവുമായി ഇണക്കിയിട്ടുള്ള എക്സ്പോ വേദിയുടെ സംവേദനാത്മക ഭൂപടം ഉപയോഗിക്കുന്നതിനും സാധിക്കുന്നതാണ്. എക്സ്പോ വേദിയ്ക്കകത്ത് സന്ദർശകർക്ക് താൽപ്പര്യമുള്ള പോയിന്റുകളിലേക്കുള്ള ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങളും ഈ ആപ്പിൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
എക്സ്പോ വേദി തുറക്കുന്ന സമയങ്ങൾ, പാർക്കിംഗ് ഓപ്ഷനുകൾ, ദുബായിലെ വിപുലമായ പൊതുഗതാഗത ഓപ്ഷനുകൾ ഉപയോഗിച്ച് എക്സ്പോയിൽ എങ്ങനെ എത്തിച്ചേരാം എന്നിവ ഉൾപ്പെടെയുള്ള എക്സ്പോ 2020 സന്ദർശനങ്ങൾ സുരക്ഷിതവും ആസ്വാദ്യകരവുമാക്കുന്നതിനുള്ള വിവരങ്ങൾ ആപ്പിലെ ഒരു ചാറ്റ്ബോട്ട് ഉപയോഗിച്ച് ലഭിക്കുന്നതാണ്.
എക്സ്പോ 2020 ബിസിനസ് ആപ്പ് ബിസിനസ്സ് കമ്മ്യൂണിറ്റിയിലെ സമാന താൽപ്പര്യങ്ങളും ലക്ഷ്യങ്ങളുമുള്ള ഉപയോക്താക്കൾക്ക് പരസ്പരം കണ്ടെത്തുന്നതിനും, ബിസിനസ്സ് ടു ബിസിനസ്സ് (B2B), ബിസിനസ്സ് ടു ഗവൺമെന്റ് (B2G), ഗവൺമെന്റ് ടു ഗവൺമെന്റ് (G2G) രീതിയിലുള്ള സംവാദങ്ങൾ നടത്തുന്നതിനും അവസരമൊരുക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി പ്രവർത്തിക്കുന്ന ഈ ആപ്പ് മൊബൈലിനും ഡെസ്‌ക്‌ടോപ്പിനും ലഭ്യമാണ്. ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകൾ, വൈദഗ്ദ്ധ്യം, ലക്ഷ്യങ്ങൾ, ഇടപെടൽ പാറ്റേണുകൾ എന്നിവ അടിസ്ഥാനമാക്കി ഈ ആപ്പ് സാധ്യമായ പൊരുത്തങ്ങൾ നിർദ്ദേശിക്കുകയും, ഓരോ ബിസിനസ്സ് സന്ദർശകനും അവരുടെ ബിസിനസ്സ് ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
വെബ്ആപ്പ്, ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ എന്നിവ വഴിയെല്ലാം ആപ്പ് ലഭ്യമാണ്. എക്സ്പോ 2020 ബിസിനസ് ആപ്പ് ഉപയോക്താക്കളെ അവരുടെ പ്രൊഫൈൽ സൃഷ്ടിക്കാനും പ്രധാന വിവരങ്ങളും കോൺടാക്റ്റ് വിശദാംശങ്ങളും ഉയർത്തിക്കാട്ടുന്നതിനും അനുവദിക്കുന്നു. ഉപയോക്താക്കൾക്ക് മറ്റ് ഉപയോക്താക്കളുമായും ബിസിനസ്സുകളുമായും താൽപ്പര്യമുള്ള സ്ഥാപനങ്ങളുമായും മീറ്റിംഗുകൾ നടത്താനും ചാറ്റ് ചെയ്യാനും ഷെഡ്യൂൾ ചെയ്യാനും എക്സ്പോയിലും അതിനുശേഷവും ബന്ധം സ്ഥാപിക്കാനും ഇതിലൂടെ കഴിയുന്നു. ഡൗൺലോഡ് ചെയ്യാൻ സൗജന്യമായിരിക്കുമ്പോൾ തന്നെ നെറ്റ്‌വർക്കിംഗ്, കണക്റ്റിംഗ്, ചാറ്റിംഗ്, മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യൽ തുടങ്ങിയ ആപ്പിന്റെ പ്രീമിയം ഫീച്ചറുകൾ ആക്‌സസ് ചെയ്യുന്നതിന് ഒരു ചെറിയ രജിസ്ട്രേഷൻ ഫീസ് ബാധകമാണ്.
WAM