എക്സ്പോ 2020 വേദിയിൽ ദുബായ് ഭരണാധികാരി സന്ദർശനം നടത്തി

UAE

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2021 ഒക്ടോബർ 1-ന് ദുബായിൽ ആരംഭംകുറിച്ച എക്സ്പോ 2020 വേദി സന്ദർശിച്ചു. ആറ് മാസം നീണ്ട് നിൽക്കുന്ന ലോക എക്സ്പോയുടെ ആദ്യ ദിവസം യു എ ഇ, യു എസ് എ, ചൈന, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പവലിയനുകളിൽ അദ്ദേഹം സന്ദർശിച്ചു.

മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ (MEASA) മേഖലയിൽ നടക്കുന്ന ആദ്യത്തെ ലോക എക്‌സ്‌പോയാണ് എക്സ്പോ 2020 ദുബായ്. ലോകത്തിലെ ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നായ എക്സ്പോ 2020-യിൽ 192 രാജ്യങ്ങൾ പങ്കെടുക്കുന്നു. പങ്കെടുക്കുന്ന രാജ്യങ്ങളുടെ പവലിയനുകളും ലോകമെമ്പാടുമുള്ള വിവിധ സംഘടനകളുടെ പവലിയനുകളും എക്സ്പോ 2020 വേദിയിൽ ഒരുക്കിയിട്ടുണ്ട്. ഈ മെഗാ ഇവന്റ് 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയാണ് സംഘടിപ്പിക്കുന്നത്.

ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ചെയർമാനും എമിറേറ്റ്സ് എയർലൈനിന്റെയും ഗ്രൂപ്പിന്റെയും ചെയർമാനും ചീഫ് എക്സിക്യൂട്ടീവും, എക്സ്പോ 2020 ദുബായ് ഹയർ കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ദുബായ് സ്ഥാപനങ്ങളിലെ നിരവധി മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും അദ്ദേഹത്തെ അനുഗമിച്ചു. യു എ ഇ പവലിയൻ സന്ദർശിച്ചുകൊണ്ടാണ് ഷെയ്ഖ് മുഹമ്മദ് എക്സ്പോ 2020-ന്റെ പര്യടനം ആരംഭിച്ചത്.

പറക്കുന്ന ഒരു പരുന്തിന്റെ ചിറകുകളെ അനുസ്മരിപ്പിക്കുകയും, യു എ ഇ ഒരു ആഗോള കേന്ദ്രമായതിന്റെ കഥ പറയുകയും, സമാധാനപരവും പുരോഗമനപരവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിലും അതിന്റെ നേതാക്കൾ പുലർത്തുന്ന ദർശനങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്ന യു എ ഇ പവലിയന്റെ പ്രതീകാത്മക വാസ്തുവിദ്യാ രൂപകൽപനയെ അദ്ദേഹം പ്രശംസിച്ചു. “ഞങ്ങളുടെ സ്ഥാപക പിതാക്കന്മാരുടെ പാത പിന്തുടർന്ന് കൊണ്ട് രാജ്യത്തെ കൂടുതൽ നേട്ടങ്ങളിലേക്കും മികവിലേക്കും നയിക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. വ്യക്തമായ ലക്ഷ്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും ലക്ഷ്യങ്ങളിൽ ഉറച്ച ശ്രദ്ധയോടെയും, അഭിലാഷങ്ങൾ നേടിയെടുക്കുന്നതിൽ ഞങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.”, അദ്ദേഹം പറഞ്ഞു.

യു എ ഇ സാംസ്കാരിക, യുവജന മന്ത്രിയും, യു എ ഇ പവലിയനിലെ കമ്മീഷണർ ജനറലുമായ നൂറ ബിന്റ് മുഹമ്മദ് അൽ കാബി ഷെയ്ഖ് മുഹമ്മദിനെ സ്വാഗതം ചെയ്തു. സന്ദർശന വേളയിൽ, പവലിയൻ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന എല്ലാ ആളുകളുടെയും പരിശ്രമങ്ങൾക്ക് അദ്ദേഹം അഭിനന്ദനം അറിയിച്ചു.

സ്പാനിഷ് ആർക്കിടെക്റ്റ് സാന്റിയാഗോ കലട്രാവ രൂപകൽപന ചെയ്ത യു എ ഇ പവലിയൻ അൽ വാസൽ പ്ലാസയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. രാജ്യത്തിന്റെ ധീരമായ ആത്മാവിന്റെ പ്രതീകമായാണ് സാന്റിയാഗോ കലട്രാവ ഈ പവലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്. നാല് നിലകളിൽ തീർത്ത 15,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണമുള്ള ഈ പവലിയൻ യു എ ഇയുടെ സമ്പന്നമായ പൈതൃകവും ശോഭനമായ ഭാവിയും ഉയർത്തിക്കാട്ടുന്നു.

യു എ ഇ പവലിയനിലേക്ക് രാവിലെ 10.00 മുതൽ രാത്രി 10.00 വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. അവസാന ടൂർ രാത്രി 8:30-ന് ആരംഭിക്കും. പവലിയനിലേക്കുള്ള സ്കൂൾ ടൂറുകൾ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9:00 മുതൽ 11:45 വരെയാണ്.

അദ്ദേഹം പിന്നീട് എക്സ്പോ ദുബായിലെ യുഎസ് പവലിയൻ സന്ദർശിച്ചു. ഇത് 36,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നതും, “ജീവിതം, സ്വാതന്ത്ര്യം, ഭാവി പിന്തുടരൽ” എന്ന പ്രമേയത്തിൽ അമേരിക്കൻ മൂല്യങ്ങളും സംസ്കാരവും സന്ദർശകർക്കായി അവതരിപ്പിക്കുന്നതുമായ രീതിയിലാണ് ഈ പവലിയൻ ഒരുക്കിയിട്ടുള്ളത്.

യു എസ് എയുടെ ബഹിരാകാശ മേഖലയിലെ നേട്ടങ്ങളും പവലിയൻ ഉയർത്തിക്കാട്ടുന്നു. സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിന്റെ വൺ-ടു-വൺ സ്കെയിൽ മാതൃക ഇതിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ചന്ദ്രനിലെ പാറകൾ, ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ റോബോട്ടിക് വാഹനങ്ങളിലൊന്ന്, എന്നിങ്ങനെ മറ്റു പലതും യുഎസ് പവലിയനിൽ പ്രദർശിപ്പിച്ചിട്ടുള്ളവയിൽ ഉൾപ്പെടുന്നു.

4,500 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ഒരുക്കിയിട്ടുള്ള ചൈന പവലിയനും ഷെയ്ഖ് മുഹമ്മദ് സന്ദർശിച്ചു. എക്സ്പോ 2020 ദുബായിലെ ഏറ്റവും വലിയ രാജ്യ പവലിയനുകളിലൊന്നാണ് ‘ദി ലൈറ്റ് ഓഫ് ചൈന’ എന്ന് പേരിട്ടിരിക്കുന്ന ഈ പവലിയൻ. പരമ്പരാഗത ചൈനീസ് വിളക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പവലിയൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ചൈന പവലിയനിലെ സന്ദർശകർക്ക് ഒരു ഗൈഡായി പ്രവർത്തിക്കുന്ന യൂയൂ എന്ന ഒരു പാണ്ട റോബോട്ടുമായ ഷെയ്ഖ് മുഹമ്മദ് ആശയവിനിമയം നടത്തി. ഇത് എക്സ്പോ 2020-ൽ ചൈന പ്രദർശിപ്പിക്കുന്ന സാങ്കേതിക വൈദഗ്ധ്യത്തെ പ്രതിനിധീകരിക്കുന്നു.

കസാക്കിസ്ഥാന്റെ ദേശീയ പവലിയനും അദ്ദേഹം സന്ദർശിച്ചു. പവലിയൻ കമ്മീഷണർ ജനറൽ അദ്ദേഹത്തെ സ്വീകരിച്ചു. എക്സ്പോ 2020-ൽ കസാക്കിസ്ഥാൻ പ്രദർശിപ്പിക്കുന്നതിന്റെ സമഗ്രമായ വിവരണവും അദ്ദേഹം നൽകി. മൂന്ന് നിലകളും നാല് പ്രദർശന മേഖലകളും ഉൾക്കൊള്ളുന്ന പവലിയൻ കസാക്കിസ്ഥാന്റെ ചലനാത്മക വികസനം, സാംസ്കാരിക വൈവിധ്യം, സമ്പന്നമായ മനുഷ്യ -പ്രകൃതി വിഭവങ്ങൾ, ടൂറിസ്റ്റ്, സാങ്കേതിക, നിക്ഷേപ അവസരങ്ങൾ എന്നിവ എടുത്തുകാണിക്കുന്നു.

എക്സ്പോ വേദിയിലെ ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതിചെയ്യുന്ന ഈ പവലിയനിൽ കസാഖിസ്ഥാന്റെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, വിഭവങ്ങൾ, സംസ്കാരം, ജൈവവൈവിധ്യം, സസ്യജന്തുജാലങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്യാൻ അനുവദിക്കുന്ന സംവേദനാത്മകവും സ്പർശിക്കാവുന്നതുമായ ഉപരിതല ഇൻസ്റ്റാളേഷനുകൾ ഉൾപ്പെടുന്നു. ഗതാഗത സാധ്യതകൾ, ഡിജിറ്റലൈസേഷൻ, വ്യവസായവൽക്കരണം, മനുഷ്യ മൂലധന വികസനം, പരിസ്ഥിതി എന്നിവയുൾപ്പെടെ നിരവധി മേഖലകളിലെ വിവിധ പദ്ധതികളും ഈ പവലിയൻ പ്രദർശിപ്പിക്കുന്നു.

WAM