എമിറേറ്റിലെ സുപ്രധാന മേഖലകളിലെ വാഹന പാർക്കിംഗ് ഇടങ്ങൾക്ക് പുതുജീവൻ നൽകുന്നതിനും, അവയുടെ സൃഷ്ടിപരമായ അന്തരീക്ഷം കലാസൃഷ്ടികളിലൂടെ സമ്പന്നമാക്കുന്നതിനും ലക്ഷ്യമിടുന്ന പാർക്കിംഗ് മീറ്റർസ് പ്രോജക്ടിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഗവണ്മെന്റ് ഓഫ് ദുബായ് മീഡിയ ഓഫീസിന്റെ നിര്മ്മാണാത്മകമായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗമായ ബ്രാൻഡ് ദുബായുമായി ചേർന്നാണ് RTA ഈ പദ്ധതി നടപ്പിലാക്കുന്നത്.
ദുബായിലെ വിവിധ ഇടങ്ങളിലെ പാർക്കിംഗ് മീറ്ററുകളെ കലാസൃഷ്ടികളാക്കി മാറ്റുന്നതിനായി ബ്രാൻഡ് ദുബായ് അഞ്ച് എമിറാത്തി ഡിജിറ്റൽ കലാകാരന്മാരുമായി കൈകോർക്കുന്നു. ‘പാരമ്പര്യം ആധുനികതയുമായി ഏകീഭവിക്കുന്നു’ എന്ന ആശയത്തിലൂന്നിയാണ് ഈ കലാസൃഷ്ടികൾ ഒരുക്കിയിരിക്കുന്നത്.
നഗരത്തെ ഒരു ഓപ്പൺ എയർ മ്യൂസിയമാക്കി ഒരുക്കുക എന്ന ദുബായ് ഭരണാധികാരികളുടെ ദർശനത്തെ സാധൂകരിക്കുന്നതാണ് ഈ പദ്ധതി. ഈ കലാസൃഷ്ടികൾ ദുബായ് എന്ന നഗരത്തിന്റെ പാരമ്പര്യത്തനിമ, ആധുനികതയിലൂന്നിയ സാംസ്കാരികവൈവിധ്യ സ്വഭാവം എന്നിവയെ ചൂണ്ടിക്കാട്ടുന്നു.
എമിറേറ്റിൽ സ്വദേശികളും, വിദേശികളുമായുള്ള സന്ദർശകർ ധാരാളമായെത്തുന്ന വിവിധ ഇടങ്ങളിലെ പാർക്കിങ്ങ് മീറ്ററുകളാണ് ഇത്തരം കലാസൃഷ്ടികളാൽ അലങ്കരിച്ചിരിക്കുന്നത്. ബുർജ് ഖലീഫ, അൽ വാസിൽ, ബിസിനസ് ബേ, മാർസ ദുബായ്, അൽ റാസ്, ഗോൾഡ് സൂഖ്, അൽ റിഗ്ഗ തുടങ്ങിയ ഇടങ്ങളിലെ പാർക്കിംഗ് മീറ്ററുകൾ ഈ പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബറിൽ ബ്രാൻഡ് ദുബായ്, RTA എന്നിവർ സംയുക്തമായി ജുമേയ്റയിലെ പൊതു ഇടങ്ങളിൽ ഇത്തരത്തിൽ ഏതാനം കലാസൃഷ്ടികൾ സ്ഥാപിച്ചിരുന്നു.